ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ അനുകൂലമായ പരാമര്‍ശങ്ങള്‍ ഉള്ളതായി ഉന്നത ഉദ്യോഗസ്ഥന്‍. അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഹാദിയയുടെ വിവാഹമെന്നും മതംമാറാന്‍ പണമോ മറ്റു പാരിതോഷികങ്ങളോ വാങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
താന്‍ ഷഫിന്‍ ജഹാനെ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് ഹാദിയ പറഞ്ഞതായാണ് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞിരിക്കുന്നത്. ”ഹാദിയയുടെ പിതാവ് അശോകന്‍ അവരുടെ മനോനില തകരാറിലാണെന്നാണ് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം അന്വേഷണത്തില്‍ തെളിയിക്കാന്‍ സാധിച്ചില്ല. ഈ സമയത്ത് അത് തെളിയിക്കാന്‍ സാധിക്കുകയും ഇല്ലെന്ന്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ഐഎയ്ക്ക് അഗസ്റ്റിലാണ് സുപ്രീം കോടതി കേസ് കൈമാറിയത്. അന്ന് ഹാദിയയെ വിവാഹം ചെയ്ത ഷെഫിന്‍ ജഹാനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ മതംമാറ്റത്തിന് പിന്നില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രേരണയുണ്ടോയെന്നായിരുന്നു പരിശോധിച്ചത്. എന്നാല്‍ ഇത് സ്വന്തം തീരുമാന പ്രകാരമാണെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്.
സുപ്രീം കോടതിയില്‍ എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം കേസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായാണ് എന്‍ഐഎ വിശദീകരിച്ചത്.
Post Your Comments