തിരുവനന്തപുരം: ദിലീപിന്റെ വളർച്ചയിൽ എതിർപ്പുള്ള പലരും അദ്ദേഹത്തിൻറെ ശത്രുക്കളായിരുന്നെന്നും ഇവരിൽ ചിലരുടെ ഗൂഡാലോചനയാണ് ദിലീപിനെ പ്രതിയാക്കിയതെന്നും ആരോപിച്ച് സലിം ഇന്ത്യ. ദിലീപിനെ എതിരായ ഗൂഢാലോചന സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നേരത്തെ പരാതി നൽകിയിരുന്നു, ഇതനുസരിച്ച് ചീഫ് സെക്രട്ടറിക്ക് പി എം ഓ യിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ട് സന്ദേശം എത്തിയിരുന്നു. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രിയെ നേരിട്ട് കണ്ടു പരാതി കൈമാറാനാണ് ഫെഫ്ക അംഗം സലിം ഇന്ത്യയുടെ തീരുമാനം.
ആദ്യം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം എന്നും അത് പരാതിക്കാരനായ സലിം ഇന്ത്യയേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും അറിയിക്കണം എന്നും ചീഫ് സെക്രട്ടറിക്ക് പി എം ഓ അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 8ന് ആണ് സലിം ഇന്ത്യ പരാതി നല്‍കിയത്. തുടർ നടപടികൾക്കായി ആഭ്യന്തര വകുപ്പ് സെക്രട്ടറി സുബ്രതോ വിശ്വാസ്, ഡിജിപിക്ക് കൈമാറി. ഇക്കാര്യം ആഭ്യന്തര വകുപ്പ് അറിയിച്ചതായി സലിം ഇന്ത്യ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നു.
കേസിൽ ദിലീപിനെ ബോധപൂർവ്വം കുരുക്കാനുള്ള ഗൂഢാലോചനയെ പറ്റി താൻ നേരത്തെ നൽകിയിരുന്ന പരാതിയിൽ ഉണ്ട്. കേസില്‍ കുരുക്കാന്‍ ദിലീപിനെതിരെ നടന്ന ഗൂഢാലോചന പുറത്ത് വരുമെന്നാണ് തന്റെ പ്രതീക്ഷ. അതുണ്ടായില്ലെങ്കില്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് പരാതിപ്പെടുമെന്നും സലിം ഇന്ത്യ പറയുന്നു. ശേഷം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്യും. പ്രധാനമന്ത്രിയെ കാണാനായി നല്കിയ അപേക്ഷ കേരള ഹോം സെക്രട്ടറിയുടെ പരിഗണനയിലാണുള്ളത്.
ദിലീപ് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും സലിം ഇന്ത്യ പരാതി നല്‍കിയിരുന്നു.
Post Your Comments