ന്യൂഡല്‍ഹി: സ്‌കൂള്‍ യൂണിഫോം ധരിച്ചെത്തിയ കുട്ടികള്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കൊലപാതകം നടത്തി. ആറംഗ സംഘമാണ് കൃത്യം നിര്‍വഹിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ മഥുര റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിലാണ് സംഭവം നടന്നത്. 13നും 16നും മധ്യേ പ്രായമുള്ള കുട്ടികളാണ് യാത്രക്കാരനെ കുത്തി കൊന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു. ഇതു തടഞ്ഞതാണ് കൊലപാതകത്തിനു കാരണമായതെന്നാണ് വിവരം.
കുട്ടികളുടെ കുത്തേറ്റ യുവാവിനെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട യുവാവിനു ഇരുപത് വയസിനു മേല്‍ പ്രായമുണ്ട്. ഇയാളുടെ തിരിച്ചറിയല്‍ രേഖകള്‍ ഒന്നു മൃതദേഹത്തില്‍ നിന്നും ലഭിച്ചില്ലെന്നു ഡിസിപി റൊമില്‍ ബാനിയ പറഞ്ഞു.
സംഭവം സമയത്ത് ബസില്‍ 40 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു. യുവാവ് ബസ് ആശ്രമം സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ പോക്കറ്റില്‍ തപ്പി നോക്കി. പിന്നീട് തന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയതായി വിളിച്ചു പറഞ്ഞു. ഇതു ബസില്‍ ബഹളത്തിനു കാരണമായി. ഈ സമയത്ത് ഒരു കുട്ടി യുവാവിന്റെ കഴുത്തില്‍ കുത്തി. ഇതിനു അയാളെ ചിലര്‍ സഹായിച്ചു. ഇവര്‍ വെള്ള ഷര്‍ട്ടും നേവി ബ്ലൂ പാന്റ്‌സുമാണ് ധരിച്ചത്. ഈ യൂണിഫോമാണ് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പ്രതികളെന്ന സംശയം ബലപ്പെടുത്തുന്നത്.
ആക്രമണത്തെ തുടര്‍ന്ന് യുവാവ് ബസിനുള്ളില്‍ കുഴഞ്ഞുവീണു. കുട്ടികള്‍ ഈ സമയത്ത് ബസില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. കുട്ടികള്‍ വിദ്യാര്‍ത്ഥികളാണോ അതോ തട്ടിപ്പ് സംഘത്തിലെ അംഗങ്ങളണോ എന്നു പോലീസ് സംശയിക്കുന്നു. സംഭവം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല.
Post Your Comments