തിരുവനന്തപുരം: ആന്റിബയോട്ടിക്കുകള്‍ ചേര്‍ത്ത തീറ്റകൊടുത്ത് വളര്‍ത്തുന്ന കോഴിയുടെ (ബ്രോയിലര്‍ ) ഇറച്ചി കഴിക്കുന്നവര്‍ക്ക് രോഗപ്രതിരോധശേഷി കുറയുമെന്ന് പഠനം. തീറ്റയില്‍ ചേര്‍ത്തു നല്‍കുന്നതിനു പുറമേ ആന്റിബയോട്ടിക് കുത്തിവെച്ച കോഴികളെയും ധാരാളമായി സംസ്ഥാനത്തെത്തിക്കുന്നു. കോഴിയിറച്ചി വിഭവങ്ങളുടെ പ്രധാനയിടമായി കേരളം മാറിയെന്നും എം.ജി.സര്‍വകലാശാല സ്‌കൂള്‍ ഓഫ് ബയോസയന്‍സ് നടത്തിയ പഠനത്തില്‍ പറയുന്നു.
ആന്റിബയോട്ടിക്കുകള്‍ കൊടുക്കുന്നത് തൂക്കംകൂടാന്‍
രോഗംവരാതിരിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ കുറഞ്ഞ അളവില്‍ നല്‍കാറുമുണ്ട്. എന്നാല്‍, വില്‍ക്കാന്‍ വളര്‍ത്തുന്ന കോഴികള്‍ വേഗം വളരാനും തൂക്കം കൂടാനും ലക്ഷ്യമിട്ട് വന്‍തോതിലാണ് ഇപ്പോഴിത് നല്‍കുന്നത്. ഒരാഴ്ച പ്രായമുള്ള കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഗ്രോത്ത് പ്രൊമോട്ടര്‍ എന്ന പേരില്‍ തീറ്റയില്‍ ചേര്‍ത്ത് നല്‍കുന്നു. ചില ഫാമുകളില്‍ ആന്റിബയോട്ടിക്ക് കുത്തിവെയ്ക്കുന്നുമുണ്ട്. ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടതിന്റെ അളവ് കൃത്യമായി നിഷ്‌കര്‍ഷിച്ചിട്ടില്ല. അമിതമായി നല്‍കിയാല്‍ പരിശോധിക്കാനും സംവിധാനമില്ല.
ഒന്നരയാഴ്ചകൊണ്ട് തൂക്കം രണ്ടരക്കിലോഗ്രാം
സാധാരണ ആറാഴ്ചകൊണ്ട് ഒരുകോഴിക്ക് ശരാശരി 1.8 കിലോഗ്രാം വരെ തൂക്കമേ ഉണ്ടാകൂ. എന്നാല്‍ തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവരുന്ന കോഴികളുടെ തൂക്കം രണ്ടരക്കിലോഗ്രാമിനടുത്താണ്. ഇറച്ചി എത്ര വേവിച്ചാലും ആന്റിബയോട്ടിക് കോഴിയില്‍നിന്ന് നീങ്ങില്ല. മനുഷ്യശരീരത്തിലെത്തുന്ന ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന പുതിയൊരു ആന്റിബയോട്ടിക് കണ്ടെത്താന്‍ കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും വേണം. ആന്റിബയോട്ടിക് ശരീരത്തിലെത്തിയാല്‍, അസുഖംവരുത്തുന്ന ബാക്ടീരിയകളെയും ഉപകാരപ്രദമായ ബാക്ടീരിയകളെയും കൊന്നൊടുക്കും. ഉപകാരപ്രദമായ ബാക്ടീരിയ ഇല്ലാതാകുന്നതോടെയാണ് പ്രതിരോധശേഷി നഷ്ടമാകുന്നത്. അതോടെ മനുഷ്യന്‍ വേഗം രോഗത്തിനടിപ്പെടും. അസുഖത്തിനായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ അളവ് കൂട്ടിനല്‍കേണ്ടിവരും. ഒന്നിനുപകരം പലതരത്തിലുള്ള മരുന്നു നല്‍കേണ്ടിവരും.
വലിച്ചെറിഞ്ഞാല്‍ പ്രകൃതിക്കും ദോഷം
ഇറച്ചി അവശിഷ്ടങ്ങള്‍ തോന്നിയപോലെ വലിച്ചെറിയുന്നതിനാല്‍ ആന്റിബയോട്ടിക്കുകള്‍ മണ്ണിലും ജലത്തിലും എത്തും. അവിടത്തെ ബാക്ടീരിയയെയും നശിപ്പിച്ച് പ്രതിരോധശേഷി നഷ്ടമാക്കുമെന്ന് പഠനത്തില്‍ പറയുന്നു.
തമിഴ്‌നാട്ടില്‍നിന്ന് ആഴ്ചയില്‍ 40 ലക്ഷം കോഴി
തമിഴ്‌നാട്ടില്‍നിന്ന് ആഴ്ചയില്‍ 40 ലക്ഷം കോഴികളെ കേരളത്തിലെത്തിക്കുന്നുണ്ട്. ഇത് മൊത്തം ഉപയോഗത്തിന്റെ 98 ശതമാനമാണ്. മൃഗസംരക്ഷണവകുപ്പിന്റെ കണക്കുപ്രകാരം 46.88 കോടി കിലോഗ്രാം ഇറച്ചിയാണ് കേരളത്തിലുപയോഗിക്കുന്നത്. ഇതില്‍ 18.87 കോടി കിലോഗ്രാം ഇറച്ചിക്കോഴിയുടേതാണ്.
ദിവസവും ഒരുനേരം തൈര് ശീലമാക്കിയാല്‍ ശരീരത്തിലേക്ക് കയറുന്ന ആന്റിബയോട്ടിക്കുകളെ ഒരുപരിധിവരെ പ്രതിരോധിക്കാനാകും. ഇതിലുള്ള ലാട്രിക് ആസിഡ് ബാക്ടീരിയ പ്രതിരോധ ശേഷികൂട്ടും. നാര് അടങ്ങിയ പഴവര്‍ഗങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നതും നല്ലതാണ്.
മരുന്നുകൊടുത്താല്‍ നിശ്ചിതദിവസം കഴിഞ്ഞാലേ ഇറച്ചി കഴിക്കാവൂ
രോഗംവന്നാല്‍ കോഴിക്ക് നിശ്ചിതഅളവില്‍ ആന്റി ബയോട്ടിക്ക് കൊടുക്കാം. മരുന്നുകൊടുത്ത് നിശ്ചിതദിവസം കഴിഞ്ഞേ ഇറച്ചി കഴിക്കാവൂ. ഓരോ മരുന്നിന്റെയും രീതിയനുസരിച്ച് ദിവസത്തില്‍ വ്യത്യാസമുണ്ടെന്നും പഠനത്തില്‍ പറയുന്നു.
Post Your Comments