കോട്ടയം: ഗുളിക തൊണ്ടയില്‍ കുടുങ്ങിയ ചിങ്ങവനം സ്വദേശിയായ നാലുവയസ്സുകാരിയുടെ ജീവനെടുത്തത് ഗതാഗത കുരുക്ക്. കുട്ടിയെ ആശുപത്രിയിലെത്തിച്ച കാറുടമ എറണാകുളം സ്വദേശി അബ്ദുള്‍ സലാം ആണ് ഇത് വെളിപ്പെടുത്തിയത്. അല്പം കൂടി നേരത്തെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാനാവുമായിരുന്നു എന്നാണു അബ്ദുള്‍ സലാം പറയുന്നത്.
കടുത്ത ചുമയുണ്ടായിരുന്ന ഐലിന്‍ അഞ്ചു മണിയോടെയാണു ഗുളിക കഴിച്ചത്. ചിങ്ങവനത്തിനടുത്ത് മാവിളങ്ങ് പെട്രോള്‍ പമ്പിനു സമീപമുള്ള ബന്ധുവീട്ടിലായിരുന്നു ഐലിനും മാതാവ് റിനുവും. ഗുളിക തൊണ്ടയില്‍ കുടുങ്ങി കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ റിനുവും സഹോദരി സജിനയും ഇവരുടെ അമ്മയും ചേർന്ന് ഐലിനെയും കൊണ്ട് എംസി റോഡിലേക്ക് ഓടി. കൈകാണിച്ചിട്ടും വാഹനങ്ങളൊന്നും നിര്‍ത്തിയില്ല.
അതുവഴി വന്ന അബ്ദുല്‍ സലാം കാര്‍ നിര്‍ത്തി ഐലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. നഗരത്തില്‍ ഒരു സംഘടനയുടെ പ്രകടനം നടന്ന ദിവസമായിരുന്നു അന്ന്.കോട്ടയം നഗരത്തിലെ ആശുപത്രിയിലേക്കു കാറോടിക്കുന്നതിനിടെ കോടിമത പാലത്തില്‍ കുരുക്കില്‍പ്പെട്ടു. കാര്‍ ഇഴയാന്‍ തുടങ്ങി. ഇടവഴികളിലൂടെ ഓടിച്ചെങ്കിലും സമയത്ത് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനായില്ലെന്നു വേദനയോടെ സലാം പറയുന്നു. ആശുപത്രിയിലെത്തും മുന്‍പേ കാറില്‍ തന്നെ കുട്ടിയുടെ ജീവൻ പൊലിഞ്ഞു.
Post Your Comments