ലഹോർ: ഭീകരവിരുദ്ധ നിയമപ്രകാരം വീട്ടുതടങ്കലിലാക്കിയിട്ടുള്ള ജമാഅത്തുദ്ദഅവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സ്വതന്ത്രനാക്കാൻ ഉത്തരവ്. പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യൽ റിവ്യൂ ബോർഡാണ് ഉത്തരവിട്ടത്. സയീദും നാലു കൂട്ടാളികളും ജനുവരി 31 മുതൽ വീട്ടുതടങ്കലിലാണ്. സയീദിനെ വീട്ടുതടങ്കലിലാക്കിയത് ജമാഅത്തുദ്ദവയെ വിദേശ ഭീകരസംഘടനായി പ്രഖ്യാപിച്ച യുഎസിന്റെ സമ്മർദത്തെ തുടർന്നാണ്. മുംബൈ ആക്രമണത്തിലുള്ള പങ്കാളിത്തം വ്യക്തമായതിനെ തുടർന്ന് ഇയാളുടെ തലയ്ക്ക് യുഎസ് ഒരുകോടി ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു.
സയീദിനെ വിട്ടയയ്ക്കാൻ ജുഡീഷ്യൽ റിവ്യൂ ബോർഡ് ഉത്തരവിട്ടത് ഹാഫിസ് സയീദിന്റെ വീട്ടുതടങ്കൽ മൂന്നു മാസത്തേക്കു കൂടി ദീർഘിപ്പിക്കാനുള്ള പാക്ക് സർക്കാരിന്റെ ഹർജി തള്ളിക്കൊണ്ടാണ്. മറ്റു കേസുകളിൽ കുറ്റക്കാരനല്ലെങ്കിൽ വിട്ടയയ്ക്കാൻ നിർദ്ദേശം നൽകിയതായി ബോർഡ് വ്യക്തമാക്കി. ഒക്ടോബർ അവസാനത്തോടെ സയീദിനൊപ്പം വീട്ടുതടങ്കലിലാക്കിയിരുന്ന നാലു കൂട്ടാളികളെ വിട്ടയച്ചിരുന്നു.
ജനുവരി 31നാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ കൂടിയായ സയീദിനെയും അബ്ദുല്ല ഉബൈദ്, മാലിക് സഫർ ഇക്ബാൽ, അബ്ദുൽ റഹ്മാൻ ആബിദ്, ഖാസി ഖാഷിഫ് ഹുസൈൻ എന്നിവരെ 90 ദിവസത്തെ വീട്ടുതടങ്കലിലാക്കിയത്. ഇവർ അതിനുശേഷം ഇതുവരെ തടങ്കലിലായിരുന്നു. ഇതിൽ അവസാനത്തെ രണ്ടു തവണ തടങ്കൽ നീട്ടിയതു പബ്ലിക് ഓർഡർ ഓർഡിനൻസ് പ്രകാരമാണ്.
Post Your Comments