ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ധനമന്ത്രി ഇഷാഖ് ദറിനെ അഴിമതിവിരുദ്ധ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. അനധികൃതസ്വത്ത് സമ്പാദനക്കേസിലാണ് ഇഷാഖ് ദറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ദറിന് ഇളവ് അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ ജഡ്ജി മുഹമ്മദ് ബാഷിര്‍ തള്ളി. നവാസ് ഷെരീഫിനെ അയോഗ്യനാക്കിയ ജൂലൈ 28-ലെ സുപ്രീം കോടതിവിധിക്കു പിന്നാലെയാണ് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ഇഷാഖ് ദറിനെതിരേയും കേസെടുത്തത്. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, വരവില്‍ക്കവിഞ്ഞ് സ്വത്ത് സമ്ബാദനം എന്നിവയാണു ദറിനെതിരായ ആരോപണങ്ങള്‍.
അഴിമതി ആരോപണങ്ങളുടെയും കോടതി നടപടികളുടെയും പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം ധനമന്ത്രിസ്ഥാനത്തുനിന്ന് ഇഷാഖ് ദര്‍ രാജിവച്ചിരുന്നു. ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന ഇഷാഖ് ദര്‍ കോടതിയില്‍ ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയതോടെയാണ് ഈ നടപടി. കോടതിയില്‍ കെട്ടിവച്ച 50 ലക്ഷത്തിന്റെ ജാമ്യത്തുക സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടുന്നതുസംബന്ധിച്ച് ഈ മാസം 24-ന് മറുപടി നല്‍കാനും ദറിന്റെ ജാമ്യക്കാരനായ അഹമ്മദ് അലി ക്വുദൂസിയോട് കോടതി നിര്‍ദേശിച്ചു. കേസ് അടുത്തമാസം നാലിനു വീണ്ടും പരിഗണിക്കും.
Post Your Comments