കണ്ണൂര്‍: ”സഖാക്കള്‍ക്കെന്തിനു ജാതിയും മതവും എന്നു ചോദിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്!”. തലശ്ശേരി മുന്‍ നഗരസഭാംഗമായിരുന്ന സി.ഒ.ടി നസീര്‍ ചോദിക്കുന്ന ചോദ്യം ഇതാണ്. സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനു നല്‍കിയ പരാതിയില്‍ ഒരു മുന്‍ സഖാവ് ഉന്നയിച്ച ഈ ചോദ്യത്തിന് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും മറുപടി കിട്ടിയില്ല. ബിസിനസ് പൂട്ടിക്കരുതെന്ന അഭ്യര്‍ഥനയും അതോടൊപ്പമുണ്ടായിരുന്നു.
നട്ടെല്ലും തലച്ചോറും ആരുടെ മുന്നിലും പണയം വയ്ക്കില്ലെന്ന് മുഖ്യമന്ത്രിയോടു നസീര്‍ തുറന്നടിച്ചിരുന്നു. നേരത്തേ പാര്‍ട്ടി അംഗത്വം പുതുക്കാന്‍ നല്‍കിയ അപേക്ഷയില്‍ ”മതന്യൂനപക്ഷമാണോ” എന്ന കോളം നസീര്‍ ഒഴിച്ചിട്ടിരുന്നു. ആ കോളം നസീറിനെ അറിയിക്കാതെ പാര്‍ട്ടി പൂരിപ്പിച്ചു. രാഷ്ട്രീയ- പൊതുപ്രവര്‍ത്തന രംഗത്ത് ഏറ്റവും നിരാശയനുഭവിച്ച സംഭവമായിരുന്നു അതെന്നു നസീര്‍ പറയുന്നു.
”മനുഷ്യന്റെ വേദനകള്‍ മനസിലാക്കി അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനായാണു സഖാവായത്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഒരു സംവരണവും സ്ഥാനമാനവും ആഗ്രഹിച്ചിട്ടില്ല” അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടി അംഗത്വം പുതുക്കാതെ വിട്ടുനിന്ന നസീര്‍ മുഖ്യമന്ത്രിയായ പിണറായി വിജയനു മുന്നില്‍ അപേക്ഷയുമായെത്തുന്നത് ജീവിക്കാന്‍ സമ്മതിക്കണമെന്ന അഭ്യര്‍ഥനയുമായാണ്. പ്രാദേശിക നേതൃത്വം പ്രതികാരബുദ്ധിയോടെ പെരുമാറുന്നതും ജീവിതമാര്‍ഗമായ ബിസിനസ് തകര്‍ക്കാര്‍ ശ്രമിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. വിദേശത്തു ട്രേഡിങ് ബിസിനസ് നടത്തുന്ന സ്ഥാപനത്തിന്റെ പാര്‍ട്ണറായ നസീറിന് സി.പി.എമ്മിന്റെ സമ്മര്‍ദം മൂലം പോലീസ് പാസ്‌പോര്‍ട്ട് നിഷേധിക്കുന്നതായാണ് ആരോപണം.
പാസ്‌പോര്‍ട്ടിലെ പേജുകള്‍ തീര്‍ന്നതിനാല്‍ കൂടുതല്‍ പേജ് ലഭിക്കാനായാണ് നസീര്‍ ആദ്യം അപേക്ഷ നല്‍കിയത്. എന്നാല്‍ കാലാവധി അവസാനിക്കാറായതിനാല്‍ പാസ്‌പോര്‍ട്ട് പുതുക്കാനായിരുന്നു നിര്‍ദേശം. രാഷ്ട്രീയ പ്രവര്‍ത്തന കാലയളവില്‍ നിരവധി പ്രക്ഷോഭങ്ങളുടെ പേരില്‍ കേസുകളുണ്ടായിരുന്നു. കൃത്യസമയത്ത് കോടതിയില്‍ ഹാജരായി ഇവയൊക്കെ തീര്‍ത്തിരുന്നു. എന്നാല്‍ ഡി.െവെ.എഫ്.ഐ. 2014-ല്‍ നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ചിന്റെ പേരിലുള്ള കേസില്‍ തന്നെ ഉള്‍പ്പെടുത്തി പാസ്‌പോര്‍ട്ട് നിഷേധിക്കുകയാണെന്ന് നസീര്‍ പറയുന്നു. 12 വര്‍ഷം മുന്‍പ് ഡിവൈ.എഫ്.ഐ. പ്രവര്‍ത്തനം മതിയാക്കിയ തന്നെ പാര്‍ട്ടി നേതൃത്വം ബോധപൂര്‍വം കേസിലുള്‍പ്പെടുത്തുകയാണെന്നാണ് നസീറിന്റെ ആരോപണം. പാസ്‌പോര്‍ട്ട് ലഭ്യമായിട്ടില്ലെങ്കില്‍ ബിസിനസ് പൂട്ടേണ്ടി വരുമെന്ന് അവസ്ഥയില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണു നസീര്‍. മുന്‍ എസ്.എഫ്.ഐ. നേതാവ് സിന്ധുജോയിക്ക് സമരക്കേസുകളുടെ പേരില്‍ പാസ്‌പോര്‍ട്ട് നിഷേധിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു.
Post Your Comments