Latest NewsNewsGulf

ജോലി ദുരിതമയമായി; എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ മലയാളി വനിത നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം•ജോലി ദുരിതമയമാകുകയും, ശമ്പളം കിട്ടാതെയാകുകയും ചെയ്തപ്പോൾ വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട മലയാളിയായ വീട്ടുജോലിക്കാരി, ഇന്ത്യൻ എംബസ്സിയുടെയും നവയുഗം സാംസ്കാരിക വേദിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തിരുവനന്തപുരം സ്വദേശിനിയായ മഞ്ജു സുശീലനാണ് ജോലിസാഹചര്യങ്ങളുടെ കുഴപ്പങ്ങൾ കാരണം നാട്ടിലേയ്ക്ക് മടങ്ങിയത്.

ആറു മാസങ്ങൾക്ക് മുൻപാണ് മഞ്ജു സുശീലൻ, സൗദിയിലെ ഹഫർ അൽ ബത്തയ്നിൽ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിയ്ക്ക് എത്തിയത്. എന്നാൽ മോശം ജോലിസാഹചര്യങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. രാപകൽ നീണ്ട അമിതജോലിഭാരം, വിശ്രമമില്ലായ്മ, മതിയായ ആഹാരം പോലും കിട്ടാത്ത അവസ്ഥ, അകാരണമായ ശകാരങ്ങൾ എന്നിങ്ങനെ ഏറെ ബുദ്ധിമുട്ടുകൾ അവർക്ക് സഹിയ്ക്കേണ്ടി വന്നു. മാത്രമല്ല ശബളം കൃത്യമായി കിട്ടിയതുമില്ല. ആറുമാസം ജോലി ചെയ്തിട്ടും, മൂന്നു മാസത്തെ ശമ്പളമേ കിട്ടിയുള്ളൂ. ഏറെ സഹികെട്ടപ്പോൾ, ആരോടുംപറയാതെ വീട് വിട്ടിറങ്ങിയ മഞ്ജു, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസ് അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുചെന്നാക്കി.

ഇതിനിടെ മഞ്ജു സുശീലന്റെ വീട്ടുകാർ ഇന്ത്യൻ എംബസിയ്ക്ക് പരാതി നൽകിയിരുന്നു. അതനുസരിച്ചു എംബസ്സി ഉദ്യോഗസ്ഥനായ ജോർജ്ജ്, നവയുഗം ജീവകാരുണ്യപ്രവർത്തകയും എംബസ്സി വോളന്റീറുമായ മഞ്ജു മണിക്കുട്ടനെ വിവരം അറിയിച്ച് ഈ കേസിൽ ഇടപെടാൻ അനുമതിപത്രം നൽകി. മഞ്ജു മണിക്കുട്ടൻ വനിതാ അഭയകേന്ദ്രത്തിൽ എത്തി മഞ്ജു സുശീലനെ കണ്ടു സംസാരിച്ചു വിശദവിവരങ്ങൾ മനസ്സിലാക്കി. നവയുഗം ജീവകാരുണ്യപ്രവർത്തകർ മഞ്ജു സുശീലന്റെ സ്‌പോൺസറെ ബന്ധപ്പെട്ട് ഒത്തുതീർപ്പ്ചർച്ചകൾ നടത്തിയെങ്കിലും, അയാൾ സഹകരിയ്ക്കാൻ തയ്യാറായില്ല.

തുടർന്ന് മഞ്ജു മണിക്കുട്ടൻ, മഞ്ജു സുശീലന് വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും, ജോർജ്ജ് സാറിന്റെ സഹായത്തോടെ ഔട്ട്പാസ്സും എടുത്തു കൊടുത്തു. നാട്ടിൽ നിന്നും മഞ്ജു സുശീലനെ കൊണ്ടുവന്ന ഏജൻസിയുടെ ബ്രാഞ്ച് ജുബൈലിൽ ഉണ്ടായിരുന്നു. അവരെ ബന്ധപ്പെട്ട് നടത്തിയ ചർച്ചകൾക്ക് ഒടുവിൽ അവർ മഞ്ജു സുശീലന് നാട്ടിലേയ്ക്കുള്ള വിമാനടിക്കറ്റ് നൽകി.

എല്ലാവർക്കും നന്ദി പറഞ്ഞ് മഞ്ജു സുശീലൻ നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button