പുതുപ്പള്ളി: മാതാവ് മരണപ്പെടുകയും പിതാവ് ജയിലിലാകുകയും ചെയ്ത് അനാഥത്വം പേറുന്ന പെണ്‍കുട്ടിക്ക് സിപിഎം പുതുപ്പള്ളി ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവാഹം. ആരോരുമില്ലെങ്കിലും തനിക്കെല്ലാവരുമുണ്ടെന്ന തോന്നലുളവാക്കി ഉണ്ണിമായയെ പുതുപ്പള്ളി പീടിയേക്കല്‍ വിമല്‍ ഗീത ദമ്പതികളുടെ മകനായ അഖിലാണ് സ്വന്തമാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് സിപിഐ എം പുതുപ്പള്ളി ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി സി എസ് സുധന്റെ ചെങ്ങളക്കാട്ടെ വീട്ടുമുറ്റത്തെ വിവാഹ പന്തലില്‍ ഉണ്ണിമായയെ അഖില്‍ ജീവിതസഖിയാക്കി
വിവാഹസല്‍ക്കാരത്തില്‍ ആയിരത്തോളം ആളുകള്‍ പങ്കെടുത്തു. വിവാഹത്തിനു പുതുപ്പള്ളി മുന്‍ പഞ്ചായത്തംഗവും സി.പി.എം. പ്രാദേശിക നേതാവുമായ സി.എസ്. സുതന് നേതൃത്വം നല്കി. സ്വകാര്യ കമ്പനിയില്‍ ജോലി നോക്കുന്ന ഉണ്ണിമായയെ പരിചയപ്പെട്ട അഖില്‍ ജീവിതത്തില്‍ ഒപ്പം കൂട്ടാന്‍ തീരുമാനിച്ചത് ഉണ്ണിമായയുടെ ജീവിത പശ്ചാത്തലം മനസ്സിലാക്കിയായിരുന്നു. തുടര്‍ന്ന് അഖില്‍ ഉണ്ണിമായയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം സുഹൃത്തുക്കളെ അറിയിച്ചപ്പോള്‍ അവര്‍ ഉണ്ണിമായയും ബന്ധുക്കളുമായി സംസാരിച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ സിപിഐ എം വിവാഹ നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്തു.
ഉണ്ണിമായയ്ക്കായി ഏഴു പവന് സ്വര്‍ണവും പുതു വസ്ത്രങ്ങളും ഒരുക്കിയതും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയായിരുന്നു. രണ്ട് ലക്ഷം രുപ ഇതിനായി സമാഹരിച്ചു സ്വര്‍ണ്ണവും വസ്ത്രങ്ങളും വാങ്ങി. 1000 പേരുടെ സദ്യയും സിപിഐ എം ടൗണ്‍ ബ്രാഞ്ച് ഒരുക്കി. വിവാഹ ക്ഷണക്കത്തും പാര്‍ട്ടിയാണ് തയ്യാറാക്കിയത്. വിവാഹക്ഷണക്കത്ത് തയാറാക്കിയത് സി.പി.എം. പ്രവര്‍ത്തകര്‍ തന്നെയാണ്. കോട്ടയം നാഗമ്പടത്താണ് ഉണ്ണിമായ താമസിച്ചിരുന്നത്. അച്ഛന് ,അമ്മയെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിലിലായതോടെ അനാഥയായി മാറിയ ഉണ്ണിമായയെ അമ്മയുടെ സഹോദരി പുതുപ്പള്ളി പുത്തന്‍ കാലായില്‍ മിനിയും ഭര്‍ത്താവ് ശശിയുമാണ് സംരക്ഷിച്ചത്.
Post Your Comments