ന്യൂഡല്‍ഹി: ഹാദിയ കേസില്‍ അന്വേഷണം തുടരുന്ന എന്‍.ഐ.എ.ക്കെതിരെ കോടതിയലക്ഷ്യ ഹർജി. എൻ.ഐ.എയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഷഫീന്‍ ജഹാനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്‍.ഐ.എ. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തിലാകണം അന്വേഷണമെന്ന ഉത്തരവുകള്‍ ലംഘിച്ചെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. അതിനാല്‍ എന്‍.ഐ.എ. അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്നും ഹാദിയയെ വിവാഹം ചെയ്ത ഷഫീന്‍ ജഹാന്‍ ആവശ്യപ്പെട്ടു.
ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ സംസ്ഥാന വനിതാ കമ്മിഷനെ അറിയിക്കാതെ ഹാദിയയെ സന്ദര്‍ശിക്കുകയും മാധ്യമങ്ങളോട് ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തതും ഷഫീന്‍ ജഹാന്‍ ചോദ്യംചെയ്തു. കൂടാതെകമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നെന്ന പ്രസ്താവന നിക്ഷിപ്ത താത്പര്യങ്ങള്‍വെച്ചുകൊണ്ടാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഈമാസം 27-ന് ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഹാദിയയുമായി തുറന്ന കോടതിയില്‍ വെച്ച് സംസാരിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
മേയ് 24-ന് ഹൈക്കോടതി ഹാദിയയുടെയും ഷഫീന്‍ ജഹാന്റെയും വിവാഹം അസാധുവാക്കിയിരുന്നു. നടപടി മകളെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്നാരോപിച്ച് പിതാവ് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു. തുടര്‍ന്ന് ഹാദിയയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു. ഇതിനെതിരെയാണ് ഷഫീന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
Post Your Comments