കണ്ണൂര്‍: മയക്കു മരുന്ന് കലര്‍ത്തിയ ചായ നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം വിദേശത്തു നിന്നും നാട്ടിലേക്ക് തട്ടിക്കൊണ്ടു വന്നതായി യുവതിയുടെ പരാതി. കണ്ണൂരിനടുത്ത എളയാവൂരിലെ ശിവത്തില്‍ ഹയാനയുടെ പരാതിയില്‍ ആറു പേര്‍ക്കെതിരേ കേസ്.
ദുബായില്‍ ബിസിനസ്സുകാരനായ മാഹി പെരിങ്ങാടിയിലെ നയിം മൂസയുടേയും കൂട്ടാളികളായ കണ്ണൂര്‍ ആനക്കുളത്തെ ഷാജി, കണ്ടാലറിയാവുന്ന മറ്റ് നാലുപേര്‍ എന്നിവര്‍ക്ക് എതിരേയാണ് കേസ്. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചത്. നെയിം മൂസയുടെ ദുബായിലുള്ള ജന്റര്‍ സെക്യൂരിറ്റി സര്‍വ്വീസ് എന്ന സ്ഥാപനത്തില്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു ഹയാന.
കോളേജ് പഠനകാലത്ത് ഹയാനയുടെ സഹപാഠിയായിരുന്നു നയിം മൂസ. അതേ തുടര്‍ന്നുള്ള സൗഹൃദത്തിന്റെ പേരിലാണ് സ്ഥാപനത്തില്‍ ജോലി തന്നത്. പ്രതിമാസം 4500 ദിര്‍ഹം ശമ്പളം തരുമെന്ന് പറഞ്ഞെങ്കിലും വാഗ്ദാനം പാലിക്കപ്പെട്ടില്ല. മാത്രമല്ല ജോലി സമയവും കൂടുതലായിരുന്നു. സ്ഥാപനത്തില്‍ നിന്നും സെക്യൂരിറ്റികളെ അയക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെ ഹയാന എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അവിടെ കേസായാല്‍ പിടിക്കപ്പെടുന്നത് മാനേജര്‍ പദവിയിലുള്ള താനായിരിക്കും എന്നതിനാലാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇതോടെ നയിംമിന്റെ സ്വഭാവം മാറി. വിരോധം കാരണം ചായയില്‍ മയക്കു മരുന്ന് കലര്‍ത്തി അബോധാവസ്ഥയിലാക്കിയ ശേഷം 2016 ഡിസംബര്‍ 28 ന് വിമാന മാര്‍ഗ്ഗം തന്നെ നാട്ടിലേക്ക് കൊണ്ടു വരികയായിരുന്നു.
നയിം മൂസ തന്നെ താങ്ങി പിടിച്ചാണ് നെടുമ്പശ്ശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വന്നത്. അവിടുന്ന് ഇന്നോവാ കാറില്‍ കയറ്റി കണ്ണൂര്‍ പയ്യാമ്പലത്തെ അറേബ്യന്‍ റിസോര്‍ട്ടില്‍ കൊണ്ടു വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹയാനയുടെ പരാതിയില്‍ പറയുന്നു. ശേഷം പല പേപ്പറിലും തന്റെ ഒപ്പിട്ടു വാങ്ങി കാറില്‍ തന്റെ വീടിനു മുന്നില്‍ ഇറക്കി വിട്ടു.
തന്റെ പാസ്‌പോര്‍ട്ടില്‍ വിസ കാന്‍സല്‍ ചെയ്തായും വ്യാജമായി അച്ചടിപ്പിച്ചു. താന്‍ വീണ്ടും വിദേശത്തേക്ക് കടക്കുന്നത് വിലക്കാനായിരുന്നു ഇങ്ങിനെ ചെയ്തത്. തന്റെ ആഭരണങ്ങളും സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ എല്ലാം തന്നെ ദുബായിലെ ഫ്‌ളാറ്റിലാണ് ഉള്ളത്. അതെല്ലാം തന്നെ അവര്‍ കൈക്കലാക്കി.
ഈ വിവരങ്ങള്‍ കാണിച്ച് കണ്ണൂര്‍ ടൗണ്‍ പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെല്ലാം പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തുടര്‍ന്നാണ് കോടതിയില്‍ പരാതി നല്കിയത്. മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതോടെയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ ടൗണ്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്.
Post Your Comments