തിരുവനന്തപുരം : ബസുകളും ടാക്‌സി കാറുകളും അടക്കമുള്ള എല്ലാ പൊതു ഗതാഗത വാഹനങ്ങളിലും ചരക്കു വാഹനങ്ങളിലും ജിപിഎസും സുരക്ഷാ ബട്ടണും നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ ഇവ രണ്ടും സ്ഥാപിക്കാത്ത വാഹനങ്ങള്‍ക്കു വാര്‍ഷിക ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കിനല്‍കില്ല. ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, ഇ-റിക്ഷ, പെര്‍മിറ്റ് വേണ്ടാത്ത മറ്റു വാഹനങ്ങള്‍ എന്നിവയെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കി.
വാഹനം ഓടിക്കുന്നയാളുടെ പേര്, വയസ്സ്, വിലാസം, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ വാഹനത്തിനുള്ളില്‍ വെള്ളപ്രതലത്തില്‍ യാത്രക്കാര്‍ക്കു കാണാവുന്ന ഭാഗത്തു സ്ഥാപിക്കണം. ഈ നിര്‍ദേശം വിജഞാപനമിറങ്ങിയ കഴിഞ്ഞ ബുധനാഴ്ച മുതല്‍ പ്രാബല്യത്തിലായി. വാഹനത്തില്‍ യാത്രചെയ്യുന്നവര്‍ക്കു നേരേ ആക്രമണമുണ്ടായാല്‍ ഉടന്‍ പൊലീസിനെയും മോട്ടോര്‍വാഹന വകുപ്പിനെയും അറിയിക്കുന്നതിനാണു ജിപിഎസും സുരക്ഷാ ബട്ടണും. ഓരോ സീറ്റിനു മുന്നിലും ബട്ടണ്‍ വേണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശമെങ്കിലും ഒരു വാഹനത്തില്‍ ഒരു ബട്ടണ്‍ എങ്കിലും വേണമെന്ന മാറ്റം കേരളം വരുത്തി.
ഓരോ വര്‍ഷവും വാഹനം ഫിറ്റ്‌നസ് പരിശോധനയ്ക്കു ഹാജരാക്കുമ്പോള്‍ ജിപിഎസും സുരക്ഷാ ബട്ടണും പ്രവര്‍ത്തന ക്ഷമമെന്നു കണ്ടാലേ പുതുക്കിനല്‍കൂ. കെഎസ്ആര്‍ടിസിക്കും സ്വകാര്യ ബസുകള്‍ക്കും ഇതു ബാധകമാണ്. വാഹനത്തില്‍ നിന്നുള്ള ജിപിഎസ് വിവരങ്ങള്‍ ശേഖരിക്കാനായി ആധുനിക കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്തെ മോട്ടോര്‍ വാഹന വകുപ്പ് ആസ്ഥാനത്തു സജ്ജമായി.
ബട്ടണ്‍ അമര്‍ത്തിയാല്‍…
വാഹനത്തിനുള്ളില്‍ യാത്രക്കാര്‍ക്കു നേരേ ആക്രമണമുണ്ടാകുകയോ വാഹനം അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ സുരക്ഷാ ബട്ടണ്‍ അമര്‍ത്തണം.
ഉടന്‍ സന്ദേശം പൊലീസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും കണ്‍ട്രോള്‍ റൂമുകളില്‍ എത്തും.
ജിപിഎസ് സംവിധാനം വഴി വാഹനത്തിന്റെ ലൊക്കേഷനും ഉടന്‍ കണ്‍ട്രോള്‍ റൂമുകളില്‍ ലഭിക്കും.
തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനും പട്രോളിങ് സംഘത്തിനും മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും സന്ദേശം കൈമാറും.
ഇവര്‍ സ്ഥലത്തെത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും. അപകടമെങ്കില്‍ സമീപത്തെ ആംബുലന്‍സുകളും പാഞ്ഞുവരും.
Post Your Comments