പത്തനംതിട്ട: ഹാരിസണ്‍സ് മലയാളം കമ്പനിയടക്കം വന്‍കിട കുത്തകകള്‍ തോട്ടംമേഖലയില്‍ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി കൈക്കലാക്കിയതു സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത്. കമ്പനികള്‍ ചമച്ച വ്യാജരേഖകള്‍തന്നെയാണ് ഇതു സംബന്ധിച്ചു കൃത്യമായ തെളിവു നല്‍കുന്നത്.
ഹാരിസണും ടാറ്റായും അടക്കമുള്ള കമ്പനികളുടെ ആധാരം വ്യാജമാണെന്നും ഭൂമി ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുക്കണമെന്നുമുള്ള മുന്‍ സ്‌പെഷല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തിനു പിന്നില്‍ കമ്പനികളുടെ സമ്മര്‍ദ്ദമാണെന്നാണ് കണക്കുകൂട്ടല്‍.
തോട്ടംമേഖലയിലെ 90 ശതമാനം കമ്പനികളുടെയും ആധാരങ്ങളില്‍ പറയുന്നത് ഭൂമി ബ്രിട്ടീഷ് കമ്പനികളുടെ പക്കല്‍നിന്നു വിലയ്ക്കു വാങ്ങിയെന്നാണ്. ഈ ആധാരങ്ങളെല്ലാം ചമച്ചത് 1970-79 കാലത്താണ്. 1970 മുതല്‍ 77 വരെ മുഖ്യമന്ത്രിയായിരുന്നതു സി. അച്യുതമേനോനാണ്. 79-ല്‍ പി.കെ. വാസുദേവന്‍ നായരായിരുന്നു മുഖ്യമന്ത്രി. അക്കാലത്തു ബേബി ജോണായിരുന്നു റവന്യൂ മന്ത്രി. റവന്യൂ വകുപ്പ്തന്നെ നടത്തിയ അന്വേഷണത്തിലാണ് ഈ ആധാരങ്ങളെല്ലാം വ്യാജമാണെന്നു തെളിഞ്ഞത്.
അഞ്ചു ലക്ഷം ഏക്കറാണ് വ്യാജ ആധാരങ്ങള്‍ വഴി കുത്തക കമ്പനികള്‍ കെക്കലാക്കിയത്. സംസ്ഥാനത്ത് ടാറ്റായുടെ കൈവശമുള്ള ഭൂമിയുടെ ആധാരങ്ങള്‍ ചമച്ചത് 1976 ഡിസംബര്‍ 31നാണ്.
ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷന്റെ ഓഹരികള്‍ വാങ്ങി കൊച്ചിയില്‍ മലയാളം പ്ലാന്റേഷന്‍ (ഇന്ത്യാ) ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത് 1977-ലാണ്. ടി.ആര്‍. ആന്‍ഡ് ടീയുടെ ആധാരങ്ങളും 1977നു ശേഷം ചമച്ചവയാണ്. സ്വാതന്ത്ര്യം കിട്ടി 30 വര്‍ഷത്തിനുശേഷം കമ്പനികള്‍ ചമച്ച ഈ ആധാരങ്ങള്‍ക്കു നിയമസാധുതയില്ലെന്നും ഇവരുടെ പക്കലുള്ള ഭൂമി മുഴുവന്‍ ഏറ്റെടുക്കണമെന്നുമാണ് റവന്യൂ സ്‌പെഷല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. അഞ്ചു ലക്ഷത്തോളം ഏക്കര്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും നിയമനിര്‍മാണം വഴിയായാല്‍ കോടതി ഇടപെടലില്ലാതെ ഭൂമി ഏറ്റെടുക്കല്‍ എളുപ്പത്തില്‍ സാധ്യമാകുമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
ഈ റിപ്പോര്‍ട്ടാണ് ഒരു വര്‍ഷത്തോളമായി ബന്ധപ്പെട്ട വകുപ്പ് പൂഴ്ത്തിവെച്ചിരിക്കുന്നത്. ടാറ്റായ്‌ക്കെതിരേ ഭൂമി കൈയേറ്റത്തിന് ഒന്‍പതു കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍നടപടികളില്ല. ഹാരിസനെതിരേ വിജിലന്‍സ് കേസുണ്ടെങ്കിലും അതിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല
Post Your Comments