Latest NewsNewsInternational

കെ എച് എൻ എ 2017 -19 ഭരണസമിതിയുടെ പ്രഥമ സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം

ന്യൂയോർക്ക്: ന്യൂ ജേഴ്സിയിലെ പ്രിൻസ്റ്റണിൽ നടന്ന കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നിറപ്പകിട്ടാർന്ന ചടങ്ങിൽ ഡോ. രേഖാ മേനോന്റെ നേതൃത്വത്തിൽ 2017 -19 ലേക്കുള്ള കെ എച് എൻ എ ഭരണസമിതി ചുമതലയേറ്റു . 2019 ൽ നടക്കുന്ന കൺവെൻഷനെ ആവേശത്തോടെ വരവേൽക്കാൻ തയാറായിക്കഴിഞ്ഞു ന്യൂ ജേഴ്സി എന്നതിന് മികച്ച ദൃഷ്ടാന്തമായി മാറി ഉദ്ഘാടന ചടങ്ങിലെ പ്രാതിനിധ്യം. അമേരിക്കയിലെ രണ്ടാം തലമുറയിലെ ആദ്യ പ്രസിഡന്റ്, പ്രഥമ വനിതാ സാരഥി എന്നതിൽ തുടങ്ങുന്ന പ്രത്യേകതകൾ, ചരിത്രത്തിലില്ലാത്ത വിധം ഈ സംഘടനക്ക് പുരോഗനാന്മുഖമായ നാളുകൾ സമ്മാനിക്കും എന്ന പ്രത്യാശ സമ്മേളനത്തിലൂടനീളം നിറഞ്ഞു നിന്നു .ഡയറക്ടർ ബോർഡ് യോഗം അടുത്ത രണ്ടു വർഷത്തെ പരിപാടികൾ സമഗ്രമായി വിലയിരുത്തി. ശ്രീ അരുൺ രഘുവിനെ ട്രസ്റ്റീ ബോർഡ് ആക്ടിങ് ചെയർ മാൻ ആയി തിരഞ്ഞെടുത്തു .

കെ എച് എൻ എ യുടെ നവയുഗത്തിനു തുടക്കം കുറിക്കുന്ന സമ്മേളനം എന്ന് പ്രഖ്യാപിച്ചു കൊണ്ട് ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ച സെക്രട്ടറി കൃഷ്ണരാജ് മോഹനൻ അതിഥികൾക്ക് സ്വാഗതം അരുളി. യുവത്വത്തിന്റെ ഊർജ്ജസ്വലതയും, മുതിർന്നവരുടെ പരിചയ സമ്പന്നതയും സമന്യയിക്കുന്ന പുതിയ നേതൃനിര കെ എച് എൻ എ യ്‌ക്ക്‌ ശരിയായ ദിശാബോധം നൽകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. സനാതന സംസ്കാരത്തിന്റെ സംരക്ഷണത്തിനായി കെ എച് എൻ എ കൂടുതൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു വരണമെന്ന് സ്വാമി ശാന്താനന്ദ അധ്യക്ഷപ്രസംഗത്തിൽ ആഹ്വാനം ചെയ്തു .

കെ എച് എൻ എ അംഗങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും , കൂടുതൽ ഐക്യത്തോടെ അനേകം കർമ പരിപാടികളിലൂടെ കെ എച് എൻ എ മുന്നോട്ടു കുതിക്കുമെന്നും ഡോ :രേഖാ മേനോൻ വ്യക്തമാക്കി .കെ എച് എൻ എ എന്ന സംഘടന ഇന്നത്തെ നിലയിലേക്ക് എത്തിയത് ഒരു പാട് പേരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു, ഇവരുടെ പ്രയത്‌നത്തെ നന്ദിയോടെ സ്മരിക്കുന്നു. ഭാവി വാഗ്‌ദാനങ്ങൾ ആയ പുതു തലമുറയ്ക്ക് പ്രാധാന്യം കൊടുക്കുന്ന രണ്ടു വർഷമാണ് വരാൻ ഇരിക്കുന്നത് എന്നും അവർ അറിയിച്ചു.

എത്രയൊക്കെ വെല്ലുവിളികൾ ഉണ്ടായാലും അതിനെ തരണം ചെയ്യാൻ പ്രാപ്തമായ ടീമിന്റെ സഹായത്തോടെ കെ എച് എൻ എ മുന്നോട്ടു പോകുമെന്ന് ട്രഷറർ വിനോദ് കെയാർകെ ഉറപ്പു നൽകി. 2019 ൽ പതിനെട്ടു വയസു തികയുന്ന കെ എച് എൻ എ എന്ന സംഘടനയെ കൂടുതൽ സുന്ദരിയാക്കി 2019 ലെ കൺവെൻഷന് ശേഷം ന്യൂ ജേഴ്സിയിൽ നിന്നും മടക്കി അയക്കാൻ എല്ലാവരുടെയും മികച്ച സഹകരണം വൈസ് പ്രസിഡന്റ് ജയ് ചന്ദ്രൻ അഭ്യർത്ഥിച്ചു.

രണ്ടാം തലമുറയുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ പല സംഘടനകളും ശ്രമിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു നോർത്ത് അമേരിക്കൻ ദേശീയ മലയാളി സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് രണ്ടാം തലമുറയിലെ ഒരു വനിതാ പ്രതിനിധി ഉയർന്നു വരുന്നതെന്നും ഇത് മറ്റു സംഘടകൾക്ക് മാതൃകയാണെന്നും കെ എച് എൻ എ യുടെയും മുൻ പ്രസിഡന്റ് എന്ന നിലയിൽ സ്തുത്യർഹ സേവനം കാഴ്ച്ച വച്ച ശ്രീ ആനന്ദൻ നിരവേൽ ആശംസാ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. കെ എച് എൻ എ യുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് ടീം എന്ന നിലയിൽ സമഗ്ര സംഭാവന നൽകാൻ പ്രാപ്‌തിയുള്ള സമിതി ആണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു, എന്റെ എല്ലാ വിധ ആശംസകളും പിന്തുണയും ഉണ്ടാകും എന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഡയറക്റ്റർ ബോർഡ് അംഗങ്ങളായ ആനന്ദ് പ്രഭാകർ (ചിക്കാഗോ), ബൈജു എസ് മേനോൻ (ചിക്കാഗോ), ഹരി ശിവരാമൻ (ഹൂസ്റ്റൺ), കൊച്ചുണ്ണി ഇളവൻ മഠം (ന്യൂ യോർക്ക്), പി എസ് നായർ (ഒഹായോ), രാജീവ് ഭാസ്‌കരൻ (ന്യൂ യോർക്ക്), രതീഷ് നായർ (ഡി സി), സുനിൽ നായർ (ടെക്സാസ്), തങ്കമണി അരവിന്ദൻ (ന്യൂ ജേഴ്സി) എന്നിവരും ട്രസ്റ്റീ ബോർഡ് അംഗങ്ങളായ അരുൺ രഘു (ഡി സി), രാജു പിള്ള (ഡാളസ്), രഞ്ജിത് നായർ (ഹൂസ്റ്റൺ), ശ്രീ കുമാർ ഉണ്ണിത്താൻ (ന്യൂ യോർക്ക്), മധു പിള്ള (ന്യൂ യോർക്ക് ), ഹരി കൃഷ്ണൻ നമ്പൂതിരി (ടെക്സാസ്) എന്നിവരും പങ്കെടുത്തു.

ഡിട്രോയിറ്റ് കൺവെൻഷനേക്കാൾ മികവുറ്റ കൺവെൻഷൻ നടത്താൻ ന്യൂ ജേഴ്സി ടീമിന് സാധിക്കുമെന്നു താൻ കരുതുന്നുവെന്നു മുൻ ട്രസ്റ്റി ചെയർമാൻ കൂടിയായ ശ്രീ ഷിബു ദിവാകരൻ അഭിപ്രായപ്പെട്ടു, ഹരികൃഷ്ണൻ നമ്പുതിരി, രതീഷ് നായർ എന്നിവർ പ്രസംഗിച്ചു . വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു തങ്കമണി അരവിന്ദൻ ,മധു കൊട്ടാരക്കര ,കൊച്ചുണ്ണി ഇളവൻ മഠം, മധു ചെറിയേടത്തു, മാലിനി നായർ എന്നിവർ ആശംസകൾ നേർന്നു .ശ്രീ സിജി ആനന്ദിന്റെ ഈശ്വര പ്രാർത്ഥനയിലൂടെ തുടങ്ങിയ ചടങ്ങുകൾ ന്യൂ ജേഴ്സിയിലെ അനുഗ്രഹീത കലാകാരന്മാർ അണിയിച്ചൊരുക്കിയ സംഗീതവും നൃത്തവും ഇടകലർന്ന മനോഹരമായ കലാസന്ധ്യയോട് കൂടി അവസാനിച്ചു. പ്രവീണാ മേനോൻ എം സി ആയി ചടങ്ങുകൾ നിയന്ത്രിച്ചു. ശ്രീ മതി ചിത്രാ മേനോൻ കലാ പരിപാടികൾ ഏകോപിപ്പിച്ചു. സമ്മേളനത്തിന് ആതിഥ്യം ഒരുക്കിയ കെ എച് എൻ ജെ ക്കു വേണ്ടി കോർഡിനേറ്റർ കൂടിയായ രവി രാമചന്ദ്രൻ, മധു ചെറിയേടത്തു (കെ എച് എൻ ജെ – പ്രസിഡന്റ് ), മായാ മേനോൻ (സെക്രട്ടറി – കെ എച് എൻ ജെ ), രതി മേനോൻ, അരുൺ നായർ, സഞ്ജീവ് കുമാർ, സുനിൽ വീട്ടിൽ, രേഷ്‌മ അരുൺ, കൃഷ്ണകുമാർ ,ജയ് രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

തയ്യാറാക്കിയത്: കൃഷ്ണരാജ് മോഹനന്‍ 

shortlink

Related Articles

Post Your Comments


Back to top button