ചങ്ങനാശേരി: വീട്ടിലേക്കുള്ള വഴിയടച്ച് സി.പി.ഐ. പ്രാദേശിക നേതൃത്വത്തിന്റെ കൊടിമരം സ്ഥാപിച്ചതിനെ ചോദ്യം ചെയ്ത വീട്ടുടമയോട് കൊടിമരം നീക്കാൻ 25000 രൂപ ആവശ്യപ്പെട്ട് സിപി ഐ പ്രാദേശിക നേതൃത്വം. കുവൈത്തിലായിരുന്ന ഏബ്രഹം തോമസ് 2005-ലാണ് എം.സി. റോഡിനരികെയുള്ള ഈ വീട് വാങ്ങിയത്. 2016-ല്‍ മറുനാട്ടിലെ ജോലി ഉപേക്ഷിച്ചു താമസിക്കാനെത്തിയ ഏബ്രഹാമും കുടുംബവും കണ്ടത് വീടിനു മുന്നിലെ ഈ കൊടിമരമാണ്.
അന്നുമുതല്‍ മുപ്പതിലധികം തവണ ഏബ്രഹാം സി.പി.ഐ നേതാക്കളുടെ പിന്നാലെ നടന്നു, കൊടിമരം മാറ്റണമെന്ന ആവശ്യവുമായി. ഒരു നടപടിയുമുണ്ടായില്ല. പിന്നീടു കലക്ടറെയും കെ.എസ്.ടി.പി. അധികൃതരെയും സമീപിച്ചെങ്കിലും അവരും കൈയൊഴിയുകയായിരുന്നു. വീട്ടിലേക്കു വാഹനം കയറ്റാന്‍ കഴിയാത്ത വിധത്തിലാണ് ഗേറ്റിനു മുന്നില്‍ കൊടിമരം നില്‍ക്കുന്നത്.
കൊടിമരം സ്ഥാപിച്ചപ്പോള്‍ ഇവിടെ ഗേറ്റ് ഇല്ലായിരുന്നു എന്നാണ് സി.പി.ഐ നേതാക്കളുടെ വാദം. കൊടിമരം നീക്കണമെങ്കില്‍ 25000 രൂപ നല്‍കണമെന്ന് സി.പി.ഐയുടെ ചില പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടെന്ന് ഏബ്രഹാമും കുടുംബവും പറഞ്ഞു. സംഭവം വിവാദമായതോടെ കൊടിമരം ഉടന്‍ മാറ്റുമെന്ന് സി.പി.ഐ. ജില്ലാ നേതൃത്വം അറിയിച്ചു.
Post Your Comments