ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ബാങ്ക് അക്കൗണ്ടുകളും മറ്റ് സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.).
ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് 2017-ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിയന്ത്രണ നിയമത്തിലും പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആദായനികുതി നിയമത്തിലും വ്യവസ്ഥ ചെയ്യുന്നുണ്ട്. ആധാറിന് അര്‍ഹതയുള്ളവര്‍ക്ക് ഇത് നിര്‍ബന്ധമാണെന്നും യു.ഐ.ഡി.എ.ഐ. പറഞ്ഞു.
ആധാര്‍ നിയമപ്രകാരം അര്‍ഹതയുള്ളവര്‍ക്കുമാത്രം ലഭിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാറെന്ന് കേന്ദ്ര മന്ത്രിസഭ, കേന്ദ്രസര്‍ക്കാര്‍ വിഭാഗങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങിയവര്‍ മനസ്സിലാക്കണം. വിദേശ ഇന്ത്യക്കാര്‍, ഇന്ത്യന്‍ വംശജര്‍ തുടങ്ങിയവര്‍ ആധാര്‍ ലഭിക്കുന്നതിന് അര്‍ഹരല്ല.
ചില സര്‍ക്കാര്‍ വിഭാഗങ്ങളും ഏജന്‍സികളും സേവനങ്ങള്‍ നല്‍കുന്നതിനായി വിദേശ ഇന്ത്യക്കാരോടും ഇന്ത്യന്‍ വംശജരോടും ആധാറുമായി ബാങ്ക് അക്കൗണ്ടും പാന്‍കാര്‍ഡും ബന്ധിപ്പിക്കാനാവശ്യപ്പെട്ടുവെന്ന പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് യു.ഐ.ഡി.എ.ഐ.യുടെ വിശദീകരണം.
Post Your Comments