തിരുവനന്തപുരം : ഹോട്ടല്‍ ഭക്ഷണത്തിന്റെ നികുതി സര്‍ക്കാര്‍ കുറച്ചിട്ടും ഹോട്ടലുകള്‍ കുറയ്ക്കുന്നില്ല. നികുതി കുറച്ചവരാവട്ടെ വില കുറച്ചില്ല. ഹോട്ടല്‍ ഭക്ഷണത്തിന്റെ ജി.എസ്.ടി. അഞ്ചുശതമാനമാക്കി ഏകീകരിച്ച തീരുമാനം ഇന്നലെ പ്രാബല്യത്തിലായെങ്കിലും പല ഹോട്ടലുകളും ഇളവ് ഉപഭോക്താക്കളിലേക്കു കൈമാറിയില്ല.
കൊച്ചിയിലെ ചില ഹോട്ടലുകള്‍ നികുതിനിരക്ക് അഞ്ചുശതമാനമാക്കിയെങ്കിലും 18% നികുതി ഈടാക്കിയപ്പോള്‍ വാങ്ങിയ അത്രയും തുക തന്നെ ഇന്നലെയും ഈടാക്കിയെന്നു പരാതിയുണ്ട്. ചില ഹോട്ടലുകളും റെസ്റ്റോറന്റുകളും 12, 18 ശതമാനം നിരക്കില്‍ നികുതി ഈടാക്കുന്നത് ഇന്നലെയും തുടര്‍ന്നു. അമിതവില ഈടാക്കുന്ന ഹോട്ടലുകളുടെ തട്ടിപ്പുതടയാന്‍ സംസ്ഥാന വാണിജ്യനികുതി വകുപ്പ് മൂന്നു മേഖലകളായി തിരിഞ്ഞ് വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനയും ഊര്‍ജിതമാക്കി.
പഞ്ചനക്ഷത്രഹോട്ടലുകളൊഴികെയുള്ള എല്ലാ ഹോട്ടലുകളിലും ഭക്ഷണത്തിന് അഞ്ചുശതമാനമേ നികുതി ഈടാക്കാവു എന്നായിരുന്നു ജി.എസ്.ടി. കൗണ്‍സില്‍ ഏറ്റവും ഒടുവിലെടുത്ത തീരുമാനം. നവംബര്‍ 15ന് പ്രാബല്യത്തിലാകുമെന്നായിരുന്നു ഉത്തരവ്. എ.സി. ഹോട്ടലുകളില്‍ 18%, നോണ്‍ എ.സിയില്‍ 12% എന്ന നിരക്കാണ് പ്രതിഷേധത്തെത്തുടര്‍ന്ന് കുത്തനെ കുറച്ചത്. അതായത് എ.സി. ഹോട്ടലില്‍ 100 നൂറു രൂപയുടെ ഭക്ഷണത്തിന് 18 ശതമാനം ജി.എസ്.ടി. അനുസരിച്ച് നല്‍കേണ്ടിയിരുന്ന മൊത്തംതുക 118 രൂപയായിരുന്നു. ഇന്നലെ മുതല്‍ അഞ്ചുശതമാനം നികുതിയായതോടെ 105 രൂപ നല്‍കിയാല്‍ മതി എന്ന നിലയിലായി. കുറയേണ്ടത് 13 രൂപ. എന്നാല്‍ ഹോട്ടലുകള്‍ ഇതുകുറയ്ക്കാതെ തട്ടിപ്പ് നടത്തുകയാണ്.
Post Your Comments