ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പേരറിവാളനെ പറ്റി അന്വേഷണ ഉദ്യേഗസ്ഥന്റെ വിവാദ വെളിപ്പെടുത്തല്‍. പേരറിവാളന്‍ നിരപരാധിയാണെന്ന് വെളിപ്പെടുത്തി സിബിഐ മുന്‍ ഉദ്യേഗസ്ഥനാണ് രംഗത്തെത്തിയത്. വി.ത്യാഗരാജന്‍ എന്ന ഉദ്യോഗസ്ഥന്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം പേരറിവാളന്റെ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനാണ് പുറത്തുവിട്ടത്.
പേരറിവാളന് മേല്‍ ആരോപിക്കപ്പെട്ട കുറ്റം രാജീവ് ഗാന്ധിയെ വധിക്കാന്‍ ബോംബ് നിര്‍മ്മിക്കാന്‍ ബാറ്ററികള്‍ വാങ്ങിനല്‍കി എന്നതാണ്. നീണ്ട കാലമായി പേരറിവാളന്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നത് ഗൂഢാലോചനയില്‍ ഭാഗഭാക്കാണെന്ന കാരണത്താലാണ്. എന്നാല്‍, പേരറിവാളന് ബാറ്ററികള്‍ എന്താവശ്യത്തിനുള്ളതാണെന്ന് അവ വാങ്ങുമ്പോൾ അറിയില്ലായിരുന്നു എന്നാണ് ത്യാഗരാജന്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. പേരറിവാളന്‍ ചോദ്യംചെയ്യലിനിടെ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. പക്ഷേ, മനപ്പൂര്‍വ്വം ആ മൊഴി താന്‍ രേഖകളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കുറ്റസമ്മതമൊഴിയെ ദുര്‍ബലപ്പെടുത്താനേ ഈ വിവരം ഉപകരിക്കൂ എന്നതായിരുന്നു അങ്ങനെ ചെയ്യാനുണ്ടായ കാരണമെന്നും ത്യാഗരാജന്‍ പറയുന്നു.
സിബിഐക്ക് പേരറിവാളന്‍ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടിരുന്നതാണ്. തനിക്ക് 1991ല്‍ എല്‍ടിടിഇ നേതാവ് ശിവരശനും പൊട്ടുഅമ്മനും തമ്മിലുള്ള വയര്‍ലെസ് സന്ദേശം ലഭിച്ചിരുന്നു. പേരറിവാളന് ഗൂഢാലോചനയില്‍ പങ്കില്ലെന്നും ബാറ്ററി എന്തിനാണ് വാങ്ങിയതെന്ന് അറിയില്ലെന്നും ആ സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തില്‍ പേരറിവാളന്റെ പങ്കിനെക്കുറിച്ച് സിബിഐക്ക് യാതൊരു ധാരണയുമില്ലായിരുന്നെന്നും ത്യാഗരാജന്‍ നല്കിയ സത്യവാങ്മൂലത്തിലുണ്ട്.
Post Your Comments