പത്തനംതിട്ട: മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാക കേസിന്റെ ഫ്‌ളാഷ് ബാക്ക് ഓര്‍ത്തെടുത്ത് പൊലീസുകാര്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുകുമാര കുറുപ്പ് കേസ് വീണ്ടും പുനര്‍ജനിക്കുകയാണ് കുറുപ്പ് ഇപ്പോഴും സൗദിയില്‍ ജീവനോടെ ഉണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ 33 വര്‍ഷം പഴക്കമുള്ള പൊലീസിന്റെ കേസ് ഡയറിയില്‍ നിന്ന് സുകുമാര കുറുപ്പ് കേസ് വീണ്ടും പൊടിതട്ടി പുറത്തെടുക്കുകയായി. ഇപ്പോള്‍ വീണ്ടും ചാക്കോ വധക്കേസും പ്രതി സുകുമാര കുറുപ്പും നാട്ടിലും ചര്‍ച്ചയായി കഴിഞ്ഞു.
സുകുമാരക്കുറുപ്പിന്റെ വിരലടയാളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിലനില്‍ക്കുന്നതിനാല്‍ പോലീസ് വിചാരിച്ചാല്‍ ഇപ്പോഴും അതു കണ്ടെത്താമെന്ന് ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ വിദഗ്ധര്‍. ചെറിയനാട്ടും ആലപ്പുഴയിലും കുറുപ്പ് നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആധാരത്തിലോ രജിസ്റ്റര്‍ ഓഫീസുകളിലൊ അദ്ദേഹത്തിന്റെ വിരലടയാളമുണ്ടാകും. തങ്ങളുടെ പക്കല്‍ ഇല്ലാത്ത വിരലടയാളങ്ങള്‍ കണ്ടെത്താന്‍ ഫിംഗര്‍ പ്രിന്റ് ബ്യൂറോ സബ് രജിസ്ട്രാര്‍ ഓഫീസുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍, മുപ്പത് വര്‍ഷം മുമ്പ് നടന്ന അന്വേഷണത്തില്‍ ഒരിക്കല്‍ പോലും കുറുപ്പിന്റെ വിരലടയാളം കണ്ടെത്താന്‍ പോലീസ് ശ്രമിച്ചിട്ടില്ലെന്നുള്ളതാണു വിചിത്രം.
കുറുപ്പിന്റെ കുടുംബവീട് ഇന്നില്ല, ചാക്കോ ജോലിചെയ്ത കരുവാറ്റയിലെ ഹരി തിയറ്ററും പൂട്ടി. മൃതദേഹം കത്തിക്കാന്‍ ഉപയോഗിച്ച കാറിന്റെ ദ്രവിച്ച എന്‍ജിന്‍ ഇന്നും മാവേലിക്കര പോലീസ് സ്റ്റേഷന്റെ പിന്നില്‍ കാണാം. ചാക്കോയെ കൊലപ്പെടുത്തിയ ചെറിയനാട്ടെ സ്മിതാ ഭവന്‍ പഴയതുപോലെ നിലനില്‍ക്കുന്നു. ഒപ്പം കുറുപ്പിന്റെ ഇടതു കൈയിലെ തള്ളവിരല്‍പ്പാടുകള്‍ സബ് രജിസ്ട്രാര്‍ ഓഫീസിലും മായാതെ നിലനില്‍ക്കുന്നു എന്നാണു കരുതപ്പെടുന്നത്.
സുകുമാരക്കുറുപ്പ് കൊല്ലപ്പെട്ടു എന്ന പ്രചാരണത്തെത്തുടര്‍ന്ന് 1981 ജനുവരി 22ന് ചെങ്ങന്നൂര്‍ പോലീസ് നടത്തിയ അന്വേഷണം തികച്ചും കുറ്റമറ്റതായിരുന്നുവെങ്കിലും ചില നോട്ടപ്പിഴകള്‍ സംഭവിച്ചു. കൊലപാതകത്തിനു ശേഷം കുറുപ്പും ഡ്രൈവര്‍ പൊന്നപ്പനും താമസിച്ച ആലുവായിലെ ലോഡ്ജില്‍നിന്നു വിരലടയാളം ശേഖരിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ലെന്നതാണ് ഇതില്‍ പ്രധാനം.
എന്നാല്‍ മരിച്ചു എന്നു പറയുന്ന വ്യക്തി സുകുമാരക്കുറുപ്പ് അല്ലെന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി: പി.എം. ഹരിദാസിനു തുടക്കത്തില്‍ത്തന്നെ വ്യക്തമായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് കുറുപ്പിന്റെ വീട്ടിലെത്തിയ ഹരിദാസും സംഘവും വീടിന്റെ പരിസരവും കുറുപ്പിന്റെതെന്ന് പറയുന്ന മൃതദേഹം മറവുചെയ്ത ഭാഗവുമാണ് ആദ്യം പരിശോധിച്ചത്. ഈ സമയം കുറുപ്പിന്റെ വീടിന്റെ അടുക്കളയില്‍നിന്നുയര്‍ന്ന കോഴിയിറച്ചിയുടെ ഗന്ധം ഹരിദാസിനെ ചില സംശയങ്ങളിലേക്കു നയിച്ചു.
മരിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടില്‍ കോഴിയിറച്ചി വേവിക്കാന്‍ തക്ക മാനസിക സാന്നിധ്യം വീട്ടുകാര്‍ക്കുണ്ടോ എന്നാണ് അദ്ദേഹം ആദ്യം ചിന്തിച്ചത്. വീട് പരിശോധിച്ചതോടെ കോഴിയിറച്ചി പാകം ചെയ്തിരിക്കുന്നത് പോലീസ് സംഘത്തിന് നേരില്‍ കാണാന്‍ കഴിഞ്ഞു. മരണത്തെത്തുടര്‍ന്ന് സാധാരണ ഉണ്ടാകുന്ന വിഷാദഭാവം കുറുപ്പിന്റെ ബന്ധുക്കളില്‍ കാണാതെ പോയതും സംശയങ്ങള്‍ ബലപ്പെടാന്‍ കാരണമായി.
Post Your Comments