ന്യുഡല്‍ഹി: വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ സംസ്കാരം പഠിപ്പിക്കാന്‍ നവോദയ വിദ്യാലയ സമിതി. ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും പഠിക്കുന്ന കുട്ടികള്‍ക്കാണ് ഇന്ത്യന്‍ മൂല്യങ്ങള്‍ വളര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ഹര്‍ദ്വാറിലെ വിശ്വോത്തര ഗായത്രിപരിവാര്‍ സന്‍സ്കൃതി യൂണിവേഴ്സിറ്റി നടത്തുന്ന ഭാരതീയ സന്‍സ്കൃതി ജ്ഞാന്‍ പരീക്ഷയുമായി സഹകരിക്കാന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നവോദയ വിദ്യാലയ സമിതി സര്‍ക്കുലര്‍ അയച്ചു.
ഒക്ടോബര്‍ അഞ്ചിനാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ റീജിണല്‍ ഓഫീസുകളിലും എത്തിയത് ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികളും പരീക്ഷയില്‍ പങ്കെടുക്കണമെന്നും ഇതിനുള്ള ചെലവ് സമിതി വഹിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. നവംബര്‍ 25ന് എല്ലാ എന്‍സിആര്‍ സ്കൂളുകളിലും പരീക്ഷ നടത്തണമെന്നും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ഇന്ത്യയുടെ ധാര്‍മ്മിക, സാംസ്കാരിക, പൗരാണിക ശാസ്ത്രം, സാങ്കേതിക വിദ്യ എന്നിവയിലുള്ള കുട്ടികളുടെ അറിവാണ് അളക്കുന്നത്.
1994 മുതല്‍ 22 സംസ്ഥാനങ്ങളില്‍ നടത്തിവരുന്ന പരീക്ഷയില്‍ അഞ്ചു കോടിയില്‍ അധികം കുട്ടികള്‍ പങ്കെടുക്കുന്നുണ്ടെന്നാണ് പറയുന്നത്. അഞ്ചും ആറും ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 20 രൂപ രജിസ്ട്രേഷന്‍ ഫീസും മറ്റുള്ളവര്‍ക്ക് 25 രൂപയുമാണ് ഫീസ്. രാജ്യത്ത് 576 നവോദയ സ്കൂകളുകളും 1128 കേന്ദ്രീയ വിദ്യാലയങ്ങളുമാണുള്ളത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള ചോദ്യാവലി ‘ഇന്ത്യന്‍ എക്സ്പ്രസ്’ പുറത്തുവിട്ടിരുന്നു.
‘ഏത് ഇനം പശുവിലാണ് സൂര്യ കേതു നാഡിയുള്ളത്, നരേന്ദ്രനാഥ് ‘വിവേകാനന്ദ’ എന്ന പേര് സ്വീകരിച്ച് ഏതു രാജാവിന്റെ നിര്‍ദേശപ്രകാരമാണ്? കാറല്‍ മാര്‍ക്സിന്റെ പ്രശസ്തമായ പുസ്തകത്തിന്റെ പേരെന്ത്? സനാതന്‍ ധര്‍മ്മം അനുസരിച്ച് ഏതെല്ലാം ഭൂതഗണങ്ങള്‍ ചേര്‍ന്നാണ് മനുഷ്യ ശരീരം നിര്‍മ്മിച്ചിരിക്കുന്നത്? അക്ബര്‍ ചക്രവര്‍ത്തിക്ക് ഗംഗജലത്തോടുള്ള സ്നേഹം ഏതു പുസ്തകത്തിലാണ് പറയുന്നത്? ഇന്ത്യയില്‍ മിക്ക വീടുകളിലും തുളസിച്ചെടി വളര്‍ത്തുന്നത് എന്തുകൊണ്ട്? ഖുറാനിലെ ഏതു ഭാഗത്തിലാണ് സ്വര്‍ഗത്തെയും നരകത്തെയും കുറിച്ച് പറയുന്നത്? ഭഗവത് ഗീതയില്‍ ‘ശുദ്ധി’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്? രാമചരിത മാനസം വായിക്കുന്ന മുസ്ലീം രാജ്യമേത്? എന്നിങ്ങനെ പോകുന്നു ചോദ്യാവലി. വ്യക്തിത്വ വികാസം, കുടുംബ വികാസം, സാമൂഹിക ഉന്നതി എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് വിശ്വോത്തര ഗായത്രി പരിവാര്‍ വ്യക്തമാക്കുന്നു. പരിവാറിന്റെ നിലവിലെ അധ്യക്ഷന്‍ പ്രണവ് പാണ്ഡെയാണ്. കഴിഞ്ഞ വര്‍ഷം മേയ് നാലിന് സര്‍ക്കാര്‍ ശിപാര്‍ശ പ്രകാരം പാണ്ഡെയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശവും ചെയ്തിരുന്നു.
Post Your Comments