പാലക്കാട്: ഡോക്ടര്‍മാര്‍ക്കെതിരായ ബലാത്സംഗക്കേസില്‍ വീണ്ടും വഴിത്തിരിവ്. പൊലീസ് നിര്‍ബന്ധിച്ചിട്ടാണ് ഡോക്ടര്‍മാര്‍ക്കെതിരെ മൊഴി നല്‍കിയതെന്ന് വീട്ടുജോലിക്കാരിയുടെ സത്യവാങ്മൂലം. ഡോക്ടര്‍മാരുടെ ജാമ്യഹര്‍ജിക്കൊപ്പമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സെപ്തംബര്‍ പത്തിനാണ് പാലക്കാട് ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപം കൃഷ്ണനികേതനില്‍ ഡോക്ടര്‍ പി ജി മേനോന്റെ വീട്ടില്‍ പൂജാമുറിയില്‍ സൂക്ഷിച്ചിരുന്ന അറുപത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കളവ് പോയത്. വീട്ടുടമ സംശയം പ്രകടിപ്പിച്ചതോടെ ജോലിക്കാരിയായി നിന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ഇവരില്‍ നിന്നും മോഷണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകാത്തതിനാല്‍ പൊലീസ് ഇവരെ വിട്ടയച്ചു. ഒരാഴ്ചയോളം കഴിഞ്ഞാണ് സ്റ്റേഷനിലെത്തിയ സ്ത്രീ , ഡോക്ടര്‍ പി ജി മേനോനും, മകന്‍ കൃഷ്ണമോഹനനും തന്നെ പലതവണ ശാരീരികമായി ചൂഷണം ചെയ്‌തെന്ന് പരാതി നല്‍കുന്നത്. തുടര്‍ന്ന് സെക്ഷന്‍ 164 പ്രകാരം മൊഴിയും രേഖപ്പെടുത്തി. എന്നാല്‍ പിന്നീട് ഡോക്ടര്‍ പി ജി മേനോനും മകനും ഹൈക്കോടതിയില്‍ നല്‍കിയജാമ്യഹര്‍ജിയോടൊപ്പം പരാതിക്കാരിയായ സ്ത്രീ സത്യവാങ്മൂലവും നല്‍കി.
മോഷണകേസും, ബലാത്സംഗ കേസും അന്വേഷിച്ചു വന്ന പാലക്കാട് ടൗണ്‍ നോര്‍ത്ത് സി.ഐ ശിവശങ്കരന്റെ നിര്‍ബന്ധത്താല്‍ ആണ് ഡോക്ടര്‍മാര്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. തുടര്‍ന്ന് ആരോപിക്കപ്പെടുന്ന വിധത്തില്‍ സിഐക്ക് ഈ കേസില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും, രണ്ട് കേസുകളും മറ്റൊൊരു ഉദ്യോഗസ്ഥന് കൈമാറണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.
എന്നാല്‍ പരാതിക്കാരി സ്വമേധയാ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു എന്നും തുടര്‍ന്നാണ് മജിസ്‌ട്രേറ്റിന് മുന്നിലെത്തി 164 പ്രകാരം മൊഴി രേഖപ്പെടുത്തിയതെന്നും നോര്‍ത്ത് പൊലീസ് അറിയിച്ചു.
കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് പ്രതികള്‍ പരാതിക്കാരിയെ സാമ്പത്തികമായി സഹായിച്ചതായി പൊലീസിന് വിവരമുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ചുവരുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിക്കാരിയുടെ സത്യവാങ്മൂലവും, കോടതി ഇടപെടലും.
ഡോ. പി ജി മേനോന്റെ വീട്ടില്‍ മോഷണം നടത്തിയത് ആരെന്നോ, കളവ്മുതല്‍ എവിടെയെന്നോ കണ്ടെടുക്കാന്‍ പൊലീസിന് ഇതുവരെ ആയിട്ടില്ല.
Post Your Comments