KeralaLatest NewsNews

മലബാറിലെ യുവാക്കള്‍ ഐ.എസ് പിടിയില്‍ : ആശങ്കയോടെ പൊലീസും ജനങ്ങളും : ബഹ്‌റൈന്‍ ഗ്രൂപ്പിലെ എട്ട് മലയാളികളും മലബാറുകാര്‍

 

കണ്ണൂര്‍/വണ്ടൂര്‍: കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ഇസ്ലാമിക് സ്റ്റേറ്റ് പിടിമുറുക്കി കഴിഞ്ഞു. കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ് ഐ.സിലേയ്ക്ക് പ്രധാനമായും പോകുന്നതെന്നുള്ള വസ്തുതയില്‍ പൊലീസും ആശങ്കയിലാണ്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണത്തിനായി ബഹ്‌റൈനില്‍ രൂപംകൊണ്ട ഗ്രൂപ്പിലെ എട്ട് മലയാളികളും മലബാറുകാരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് കണ്ണൂര്‍ വളപട്ടണത്തുനിന്ന് പിടിയിലായ യു.കെ. ഹംസയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരുടെപേരില്‍ വണ്ടൂര്‍ പോലീസ് കേസെടുത്തു.

വാണിയമ്പലം സ്വദേശി മനയില്‍ അഷ്‌റഫ് മൗലവി, പെരുമ്പവൂരിലെ സഫീര്‍, കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍, താമരശ്ശേരി സ്വദേശി ഷൈബുനിഹാര്‍, വടകര സ്വദേശി മണ്‍സൂര്‍, കണ്ണൂര്‍ ചാലാട് സ്വദേശി ഷഹനാദ്, കൊയിലാണ്ടി ഫാജിദ്, വാണിയമ്പലം സ്വദേശി മുഹദ്ദിസ് എന്നിവരുടെ പേരിലാണ് കേസെടുത്തത്. യു.എ.പി.എ. പ്രകാരമാണ് വണ്ടൂരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അന്വേഷണ സംഘം തലവന്‍ എം.പി. മോഹനചന്ദ്രന്‍ പറഞ്ഞു.

പെരിന്തല്‍മണ്ണയില്‍ പ്രത്യേകയോഗം ചേര്‍ന്നാണ് ഇവര്‍ സിറിയയിലേക്ക് പോകാനുള്ള തീരുമാനമെടുത്തതെന്ന് പോലീസ് പറഞ്ഞു. ഹംസയുടെ നിര്‍ദേശമനുസരിച്ചായിരുന്നു യോഗം. ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ബഹ്‌റൈന്‍, പെരിന്തല്‍മണ്ണ, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ഇവര്‍ യോഗം ചേര്‍ന്നതുസംബന്ധിച്ച വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് കണ്ണൂര്‍ ഡിവൈ.എസ്.പി. പി.പി. സദാനന്ദന്‍ ഡി.ജി.പി.ക്ക് കൈമാറിയിരുന്നു. ഹംസയുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ബഹ്‌റൈനിലെ അല്‍ അന്‍സാര്‍ സെന്ററില്‍ ഐ.എസ്. അനുകൂലികളായ മലയാളികളാണ് പ്രത്യേകസംഘമായി യോഗം ചേര്‍ന്നത്. ഇതിനെയാണ് ‘ബഹ്‌റൈന്‍ ഗ്രൂപ്പ്’ എന്ന് പോലീസ് പേരിട്ടിരിക്കുന്നത്. ഇവര്‍ ഐ.എസ്. ആശയങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള പരിശീലനം നടത്തിയെന്നും പോലീസ് പറയുന്നു. അതേസമയം, അന്‍സാര്‍ സെന്റര്‍ ഇക്കാര്യം നിഷേധിച്ചു. തീവ്രവാദപ്രചാരണത്തിനെതിരേ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അന്‍സാര്‍ സെന്റര്‍ എന്നാണ് വിശദീകരണം. ഇക്കാര്യം പോലീസും സമ്മതിക്കുന്നു. സ്ഥാപനത്തിന്റെ അറിവില്ലാതെയുള്ള രഹസ്യ കൂടിച്ചേരലാണ് നടന്നതെന്നാണ് പോലീസ് പറയുന്നത്.

സിറിയയിലേക്ക് പോകുന്നതുസംബന്ധിച്ച് ചില ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ ബഹ്‌റൈന്‍ ഗ്രൂപ്പ് കേരളത്തിലെത്തി തലശ്ശേരിയിലെ ബിരിയാണി ഹംസ എന്നുവിളിക്കുന്ന യു.കെ. ഹംസയുടെ ഉപദേശം തേടി. ഇതിനുശേഷമാണ് പെരിന്തല്‍മണ്ണയിലും പെരുമ്പാവൂരിലും സംഘാംഗങ്ങളുടെ വീടുകളില്‍ ഒത്തുകൂടിയത്. പിന്നീട് സിറിയയിലേക്ക് പോയി.

മുഹദ്ദിസടക്കം നാലുപേര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായാണ് വിവരം. ബാക്കി നാലുപേരില്‍ ഫാജിസിന് സിറിയയിലേക്ക് കടക്കാനായില്ല. ഐ.എസ്. ബന്ധമുള്ള അഞ്ചുപേരാണ് ഇപ്പോള്‍ കണ്ണൂരില്‍ കസ്റ്റഡിയിലുള്ളത്. ഇവരെ റോ, ഐ.ബി., മുംബൈ, ആന്ധ്ര പോലീസ് എന്നിവയുടെ ഭീകരവിരുദ്ധവിഭാഗം തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യുകയാണ്. കര്‍ണാടക എ.ടി.എസ്. ടീം അന്വേഷണത്തിന്റെ ഭാഗമായി അടുത്തദിവസം കണ്ണൂരിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button