ദമ്മാം•പ്രവാസജീവിതം ദുരിതങ്ങൾ നിറഞ്ഞപ്പോൾ വഴിമുട്ടിയ മലയാളി യുവതി, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ഇടുക്കി വണ്ണപ്പുറം സ്വദേശിനി അശ്വതിയ്ക്കാണ് പ്രവാസജീവിതം പ്രതിസന്ധി സൃഷ്ടിച്ചത്.
നാലുമാസം മുൻപാണ് അശ്വതി ദമ്മാമിലെ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി എത്തിയത്. നല്ല ശമ്പളവും, ആനുകൂല്യങ്ങളും പറഞ്ഞാണ് ഏജന്റ് അശ്വതിയെ കയറ്റിവിട്ടത്.
എന്നാൽ അശ്വതിയുടെ പ്രതീക്ഷകൾക്ക് വിപരീതമായിരുന്നു ജോലിസ്ഥലത്തെ അനുഭവങ്ങൾ. ഒരു വലിയ വീട്ടിൽ രാപകലില്ലാതെ വിശ്രമമില്ലാത്ത ജോലി ചെയ്യേണ്ടി വന്ന അശ്വതിയ്ക്ക് ആ വീട്ടുകാർ മതിയായ ഭക്ഷണം പോലും കൊടുത്തിരുന്നില്ല. രണ്ടുമാസമായിട്ടും ശമ്പളവും കൊടുത്തില്ല. അതിനെപ്പറ്റി എന്തെങ്കിലും ചോദിച്ചാൽ വീട്ടുകാരുടെ ദേഹോപദ്രവവും ഏൽക്കേണ്ടി വന്നിട്ടിട്ടുണ്ടെന്ന് അശ്വതി പറഞ്ഞു.
ഒടുവിൽ ശാരീരികവും മാനസികവുമായ പീഡനം സഹിയ്ക്കാതെ അശ്വതി ആ വീട്ടിൽ നിന്നും ആരുമറിയാതെ പുറത്തുകടന്ന്, ദമ്മാം ഇന്ത്യൻ എംബസ്സി ഹെൽപ്പ് ഡെസ്ക്കിൽ അഭയം തേടി. അവർ അറിയിച്ചത് അനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി, പോലീസിന്റെ സഹായത്തോടെ അശ്വതിയെ ദമ്മാം വനിതാഅഭയകേന്ദ്രത്തിൽ എത്തിച്ചു.
മഞ്ജു മണിക്കുട്ടനും, നവയുഗം ജീവകാരുണ്യപ്രവർത്തകരും അശ്വതിയുടെ സ്‌പോൺസറെ ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയെങ്കിലും, ഇനി അവരുടെ ഒരു കാര്യത്തിലും താൻ ഇടപെടില്ല എന്ന് പറഞ്ഞ് അയാൾ കൈയൊഴിഞ്ഞു.
തുടർന്ന് മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ അശ്വതിയ്ക്ക് ഔട്ട്പാസ്സ് എടുത്തു നൽകുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങി നൽകുകയും ചെയ്തു.
വിവരങ്ങൾ അറിഞ്ഞ അശ്വതിയുടെ നാട്ടിലുള്ള ഒരു ബന്ധു വിമാനടിക്കറ്റ് അയച്ചു കൊടുത്തു.
എല്ലാ നിയമനടപടികളും പൂർത്തിയാക്കി സഹായിച്ചവർക്കൊക്കെ നന്ദി പറഞ്ഞ്, ഒരു മാസത്തെ വനിതാ അഭയകേന്ദ്രത്തിലെ താമസം അവസാനിപ്പിച്ച്, അശ്വതി നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments