CinemaMollywoodLatest NewsMovie SongsEntertainment

മീസിൽസ്‌-റുബെല്ല കുത്തിവെപ്പ്; അശാസ്ത്രീയപ്രചാരകര്‍ക്കെതിരെ മോഹന്‍ലാല്‍

മീസിൽസ്‌-റുബെല്ല പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കെതിരെ നടക്കുന്ന അശാസ്ത്രീയപ്രചാരത്തിനെ ശ്രദ്ധിക്കേണ്ടതില്ലെന്നു നടന്‍ മോഹന്‍ലാല്‍. മരണത്തിനോ സാരമായ വൈകല്യങ്ങൾക്കോ കാരണമായേക്കാവുന്ന രണ്ട്‌ മാരകരോഗങ്ങളെ പിഴുതെറിയാനുള്ള സുവർണാവസരമാണ് ഇതെന്നും ഇതിനു നേരെ കണ്ണടച്ച് കളയരുതെന്നും താരം ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മോഹന്‍ലാല്‍ ഫേസ്ബുക്ക്‌ പോസ്റ്റ്‌ പൂര്‍ണ്ണരൂപം

ഒരു മാസമായി കേരളത്തിൽ നടന്നു വരുന്ന മീസിൽസ്‌-റുബെല്ല കുത്തിവെപ്പിനെ കുറിച്ച്‌ അറിഞ്ഞിരിക്കുമല്ലോ. പത്താം മാസം മുതൽ പത്താം ക്ലാസ്‌ വരെയുള്ള കൊച്ചു മിടുക്കൻമാരും മിടുക്കികളും മാത്രമല്ല, അവരിലൂടെ നമ്മുടെ സമൂഹം മുഴുവനാണ്‌ ഇതിന്റെ ഗുണഭോക്താക്കൾ. ഈ പ്രായത്തിലുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒരുമിച്ച് ഒരേ സമയം കുത്തിവെപ്പ് നല്‍കി വലിയ പ്രതിരോധം സൃഷ്ടിച്ചാലേ ഈ രോഗാണുക്കള്‍ പടരുന്നത്‌ എന്നെന്നേക്കുമായി നമുക് തടയാൻ കഴിയൂ. എന്നാൽ ആരോഗ്യത്തിന്റെ കാര്യത്തിൽ വികസിതരാജ്യങ്ങളോട്‌ കിട പിടിക്കുന്ന നമ്മുടെ മലയാളമണ്ണിൽ സർക്കാർ ആഭിമുഖ്യത്തിൽ നടന്ന ഈ പരിപാടിയിലെ പങ്കാളിത്തം ഇതുവരെ എന്തേ അറുപത്‌ ശതമാനത്തിന്‌ മീതേ മാത്രമായി മടിച്ചു നിന്നു?

മരണത്തിനോ സാരമായ വൈകല്യങ്ങൾക്കോ കാരണമായേക്കാവുന്ന രണ്ട്‌ മാരകരോഗങ്ങളെ പിഴുതെറിയാനുള്ള സുവർണാവസരത്തിന്‌ നേരെ നമ്മളിൽ ചിലരെങ്കിലും കണ്ണടച്ചു കളഞ്ഞതെന്ത് കൊണ്ടാണ്‌?

അശാസ്ത്രീയപ്രചാരകരെ മറന്നേക്കാം. നമ്മുടെ സമൂഹത്തിൽ നിന്നും ഈ രണ്ട്‌ മാരകരോഗങ്ങളെ വേരോടെ പിഴുത്‌ കളയുന്ന ഈ യജ്‌ഞത്തിൽ നമ്മുടെ മക്കളും പങ്കാളികളാകട്ടെ. അത്‌ നമ്മുടെ കടമയും അവരുടെ അവകാശവുമാണ്‌.
പ്രതിരോധത്തേക്കാൾ മികച്ചൊരു ചികിത്സയില്ല. നമുടെ ജാഗ്രതക്കുറവ് നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കരുത്. അബദ്ധവിശ്വാസങ്ങൾ തിരുത്തപ്പെടട്ടെ. മീസില്‍സ് – റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടി അതിന്റെ അവസാന ദിനങ്ങളിലേക്ക് കടന്നിരിക്കുന്നു. ഇതുവരെ നൽകാത്തവർ ഇന്നു തന്നെ നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രധിരോധ കുത്തി‌വയ്‌പ് നൽകണം. മീസിൽസും റുബല്ലയും ചരിത്രമാകട്ടെ…

കൂടുതൽ വിവരങ്ങൾക്ക്,
Visit, Info Clinic , https://www.facebook.com/NirnayamMedicozwithLalettan/

shortlink

Related Articles

Post Your Comments

Related Articles


Back to top button