തിരുവനന്തപുരം•സംസ്ഥാനത്ത് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ വ്യവസായം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്റലും യു.എസ്.ടി ഗ്ലോബലുമായി ധാരണാപത്രം ഒപ്പിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കേരളത്തില്‍ ഹാര്‍ഡ് വേർ വ്യവസായം വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യം നേടാനാണ് ഹാര്‍ഡ് വേർ മിഷന്‍ രൂപീകരിച്ചത്. ഇന്‍റല്‍, യു.എസ്.ടി ഗ്ലോബല്‍ എന്നിവയുമായി ഒപ്പിട്ട ധാരണാപത്രം ഈ ദിശയിലുളള പ്രധാന ചുവടുവയ്പ്പാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഇലക്ട്രോണിക് ഹാര്‍ഡ് വേർ വ്യവസായങ്ങളുടെ ആവാസവ്യവസ്ഥ വികസിപ്പിച്ചെടുക്കുന്നതിനുളള പദ്ധതി കേരള ഹാര്‍ഡ് വേർ മിഷന്‍, കെല്‍ട്രോണ്‍ എന്നിവയുമായി ചേര്‍ന്ന് ഇന്‍റലും യു.എസ്.ടി ഗ്ലോബലും തയ്യാറാക്കും. ലാപ്ടോപ്പുകള്‍, സര്‍വര്‍ ഘടകങ്ങള്‍ മുതലായവ ഉല്‍പാദിപ്പിച്ച് വിപണനം ചെയ്യുന്നതിന് കേരളത്തിന് വലിയ സാധ്യതകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
ഇലക്ട്രോണിക് ഹാര്‍ഡ് വേർ വ്യവസായ പദ്ധതി നടപ്പാക്കാന്‍ സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇന്‍റല്‍, യു.എസ്.ടി ഗ്ലോബല്‍ എന്നീ കമ്പനികളുടെ നിര്‍മാണ വൈദഗ്ധ്യം ഇതിനുവേണ്ടി പ്രയോജനപ്പെടുത്തും. ഈ രംഗത്ത് കേരളത്തിനുളള സാങ്കേതിക പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments