
ഡമാസ്കസ് : ഇസ്ളാമിക് സ്റ്റേറ്റ് ഭീകര സംഘടന അന്ത്യത്തിലേക്ക്. പ്രധാന കേന്ദ്രങ്ങളായ മൊസുളും റഖയും കൈവിട്ടതിനു പിന്നാലെ അവസാന ആശ്രയമായിരുന്ന രണ്ട് നഗരങ്ങളിൽ നിന്നുകൂടി ഇസ്ളാമിക് സ്റ്റേറ്റ് തുടച്ചു നീക്കപ്പെട്ടു. .യൂഫ്രട്ടീസ് നദി സിറിയയിൽ നിന്ന് ഇറാഖിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തെ നഗരമാണ് അൽ ക്വയിം.
റാവ എന്ന ചെറിയ ഗ്രാമം മാത്രമാണ് ഇപ്പോൾ ഇറാഖിൽ ഐഎസിന്റെ പക്കലുള്ളത്. ഇറാഖിലെ അൽ ക്വയിം , സിറിയയിലെ ദേർ അൽസോർ എന്നീ നഗരങ്ങളിൽ നിന്നു കൂടി ഐസിനെ തുരത്തിയതായി ഇരു രാജ്യങ്ങളിലേയും സേനകൾ പ്രഖ്യാപിച്ചു 2014 ൽ ഇറാഖിന്റെ നാലിൽ മൂന്നു ഭാഗം പ്രദേശവും ഇസ്ളാമിക് സ്റ്റേറ്റിന്റെ കൈവശമായിരുന്നു.
ഇനി അൽ ക്വയിമിന് സമീപമുള്ള അൽബു കമാൽ എന്ന ചെറിയ ടൗൺ മാത്രമാണ് ഇപ്പോൾ സിറിയയിൽ ഐഎസിന്റെ കൈവശമുള്ളത് . അതിനു 40 കിലോമീറ്റർ അടുത്ത് സൈന്യം എത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
സിറിയയിലെ കിഴക്കേയറ്റത്തുള്ള പ്രദേശമായിരുന്ന ദേർ അൽസോർ ഐഎസ് ഭീകരരുടെ പിടിയിൽ നിന്ന് മോചിപ്പിച്ചതായി സിറിയൻ സഖ്യസേന പ്രഖ്യാപിച്ചു. ഇരു നഗരങ്ങളിലും ഒളിച്ചിരുന്ന ഭീകരരെ ബോംബർ വിമാനങ്ങൾ വേട്ടയാടിയതോടെ രക്ഷപ്പെട്ടവർ മരുഭൂമിയിലേക്ക് ഓടിയൊളിക്കുകയായിരുന്നു .
എന്നാൽ പരമാവധി ഭീകരരെ ഇല്ലാതാക്കുക തന്നെ ചെയ്യുമെന്ന് സഖ്യ സേന വ്യക്തമാക്കി. എല്ലായിടത്തുനിന്നും ചുറ്റപ്പെട്ടതോടെ യുദ്ധം ചെയ്ത് മരിക്കുക എന്നതല്ലാതെ മറ്റ് പോംവഴികളൊന്നും ഭീകരർക്ക് മുന്നിലില്ല .
ആയുധങ്ങളും ഭക്ഷണവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് . ഇസ്‌ലാമിക് സ്റ്റേറ്റ് അജയ്യമാണെന്ന വിശ്വാസവും ഇല്ലാതായതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഭീകരർ . ഇനി ഒന്നും അവർക്ക് ചെയ്യാൻ കഴിയില്ലെന്നും സഖ്യസേന വ്യക്തമാക്കി.
Post Your Comments