ദോഹ : ക്രൂഡ് ഓയില്‍ വില ഉയരുന്നതിനിടെ സംഭരണം ഇനിയും കുറയ്ക്കണമെന്ന ആഹ്വാനവുമായി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യ ഉള്‍പ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങളും ചേര്‍ന്ന് മാര്‍ച്ച് വരെയാണ് ഉല്‍പാദന നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.
ആഗോള വിപണിയില്‍ എണ്ണ വില രണ്ടു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. ഇന്നലെ വില ബാരലിന് 62.19 ഡോളര്‍ വരെയായി ഉയര്‍ന്നു. കൂടുതല്‍ വില ലക്ഷ്യമിട്ട് ഉല്‍പാദന നിയന്ത്രണം തുടരണമെന്ന നിലപാടിലാണു സൗദിയും റഷ്യയും. കഴിഞ്ഞ ദിവസം താഷ്‌കന്റില്‍ സൗദി, റഷ്യ, ഉസ്ബക്കിസ്ഥാന്‍, കസഖ്സ്ഥാന്‍ എന്നീ രാജ്യങ്ങളിലെ എണ്ണ മന്ത്രിമാര്‍ യോഗം ചേര്‍ന്നിരുന്നു. എണ്ണ സംഭരണം കുറയ്ക്കാന്‍ ഇനിയും ശ്രമം വേണമെന്നാണു പൊതു വിലയിരുത്തലെന്നു സൗദി എണ്ണ മന്ത്രി ഖാലിദ് അല്‍ ഫലീഹ് പറഞ്ഞു.
ഈ മാസം 30നുള്ള ഒപെക് യോഗത്തില്‍ ഉല്‍പാദന നിയന്ത്രണം തുടരുന്നതു സംബന്ധിച്ചു തീരുമാനമെടുത്തേക്കും. നിലവില്‍ പ്രതിദിനം 18 ലക്ഷം ബാരലിന്റെ കുറവാണ് ഈ രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനത്തില്‍ വരുത്തിയിരിക്കുന്നത്.
Post Your Comments