അൽഹസ്സ•മെക്കാനിക്കൽ എഞ്ചിനീയർ ജോലിയ്ക്കായി കൊണ്ടുവന്ന് മരുഭൂമിയിലെ ഡ്രൈവറാക്കി മാറ്റിയ മലയാളി യുവാവ്, നവയുഗം സാംസ്കാരികവേദി അൽഹസ്സ മേഖല ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
തിരുവനന്തപുരം സ്വദേശിയായ സന്തോഷാണ് പ്രവാസത്തിന്റെ ദുരിതങ്ങൾ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു വർഷം മുൻപാണ് സന്തോഷ് മെക്കാനിക്കൽ എഞ്ചിനീയർ വിസയിൽ ജോലിയ്ക്കായി സൗദിയിൽ എത്തിയത്. ഒരു വലിയ കൺസ്ട്രക്ഷൻ കമ്പനിയിൽ 3500 റിയാൽ ശമ്പളവും ആനുകൂല്യങ്ങളും ആയിരുന്നു നാട്ടിൽ ഏജന്റ് വാഗ്ദാനം ചെയ്തത്. സർവ്വീസ് ചാർജ്ജായി ഒരു വലിയ തുക ഏജന്റിന് കൊടുക്കേണ്ടിയും വന്നു. എന്നാൽ സൗദിയിൽ എത്തിയപ്പോൾ, സ്പോൺസർ എയർപോർട്ടിൽ നിന്നും സന്തോഷിനെ അൽഹസ്സയിൽ നിന്നും ഏറെ അകലെയുള്ള ഒരു മരുഭൂമിയിലെ മണൽക്വാറിയിലോട്ടാണ് കൂട്ടികൊണ്ടു പോയത്. അവിടെ മണൽ കയറ്റിക്കൊണ്ടു പോകുന്ന ലോറി ഓടിയ്ക്കുന്ന പണിയാണ് സന്തോഷിന് നൽകിയത്. ആദ്യം പ്രതിഷേധിച്ചെങ്കിലും, നാട്ടിലെ സാമ്പത്തികപരാധീനതകൾ കാരണം സന്തോഷിന് ആ ജോലിയിൽ തുടരേണ്ടി വന്നു. സ്പോൺസർ ഇക്കാമയോ ലൈസൻസോ എടുത്തു നൽകിയില്ല. പുറംലോകവുമായി ബന്ധപ്പെടാനുള്ള സാഹചര്യവും കുറവായിരുന്നു. ശമ്പളം വല്ലപ്പോഴുമേ കിട്ടിയിരുന്നുള്ളൂ. ആഹാരമോ, മതിയായ ചികിത്സ സൗകര്യങ്ങളോ കിട്ടാതെ ഏറെ ബുദ്ധിമുട്ട് സന്തോഷിനു സഹിയ്ക്കേണ്ടി വന്നു.
രണ്ടു വർഷത്തോളം അവിടെ ജോലി ചെയ്തപ്പോഴെയേയ്ക്കും ഒൻപതു മാസത്തെ ശമ്പളം കുടിശ്ശികയായി. മാത്രമല്ല നാട്ടിലേയ്ക്ക് വെക്കേഷന് വിടാനും സ്പോൺസർ തയ്യാറായില്ല. നാട്ടിലെ ബന്ധുക്കൾ വഴി പല പ്രവാസിസംഘടനക്കാരെയും സഹായത്തിനായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
ജീവിതം സഹികെട്ടപ്പോൾ, ഒരു ദിവസം വൈകിട്ട് സന്തോഷ് മണൽ കയറ്റിക്കൊണ്ടു പോകുന്ന വഴി, ഹൈവേയിൽ എത്തുകയും, ലോറി നിർത്തിയിട്ട് മറ്റൊരു വാഹനത്തിന് കൈകാണിച്ചു, അതിൽ അൽഹസ്സയിലെ ലേബർ കോർട്ടിൽ എത്തുകയും ചെയ്തു. രാത്രി കോടതിവളപ്പിൽ ഉറങ്ങിയ അയാൾ രാവിലെ കോടതി തുടങ്ങിയപ്പോൾ അവിടെപ്പോയി ഒരു ഉദ്യോഗസ്ഥനോട് പരാതി പറഞ്ഞു. ആ ഉദ്യോഗസ്ഥൻ നവയുഗം അൽഹസ്സ മേഖല ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൾലത്തീഫ് മൈനാഗപ്പളിയുടെ മൊബൈൽ നമ്പർ നൽകി ബന്ധപ്പെടാൻ ഉപദേശിച്ചു. അതനുസരിച്ചു അബ്ദുൾലത്തീഫിനെ ബന്ധപ്പെട്ട സന്തോഷ്, തന്റെ എല്ലാ ദുരിതങ്ങളും അദ്ദേഹത്തെ അറിയിച്ചു. അബ്ദുൾ ലത്തീഫ് ഉടനെ കോടതിയിൽ എത്തുകയും, അദ്ദേഹത്തിന്റെ സഹായത്തോടെ സന്തോഷ് സ്പോൺസർക്കെതിരെ ലേബർ കോടതിയിൽ പരാതി നൽകുകയും ചെയ്തു.
നവയുഗം ജീവകാരുണ്യവിഭാഗം സന്തോഷിന് താമസസൗകര്യവും ഭക്ഷണവും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുത്തു. കോടതിയിൽ കേസ് വിളിച്ചപ്പോൾ രണ്ടു പ്രാവശ്യവും സ്പോൺസർ ഹാജരായില്ല. തുടർന്ന് സ്പോണ്സർക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചപ്പോൾ, മൂന്നാമത്തെ സിറ്റിങ്ങിൽ അയാൾ ഹാജരായി. സന്തോഷിനു വേണ്ടി നവയുഗം ജീവകാരുണ്യപ്രവർത്തകൻ മണി മാർത്താണ്ഡവും, അബ്ദുൾലത്തീഫുമാണ് വാദിച്ചത്. വാദങ്ങൾക്ക് ഒടുവിൽ സന്തോഷിന് ഫൈനൽ എക്സ്റ്റിറ്റും, വിമാനടിക്കറ്റും, ആറുമാസത്തെ കുടിശ്ശികശമ്പളവും നൽകാൻ കോടതി വിധിച്ചു.
നിയമനടപടികൾ പൂർത്തിയാക്കി, നവയുഗത്തിന് നന്ദി പറഞ്ഞു സന്തോഷ് നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments