CinemaMollywoodLatest News

“ആ സംഭവം സിനിമയോടുള്ള എന്റെ കാഴ്ചപ്പാട് മാറ്റി” ദിലീഷ് പോത്തന്‍

ഒരു സംവിധായകന്റെ ജീവിത സാഹചര്യങ്ങള്‍ അയാളുടെ സിനിമയില്‍ സ്വാധീനം ചെലുത്തിയേക്കാം.അത്തരമൊരു അനുഭവത്തെകുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ.പഠിക്കുന്ന കാലത്ത് സ്‌കൂള്‍ കട്ട് ചെയ്ത് സിനിമയ്ക്ക് പോവുകയും അത് പിടിക്കപ്പെടുകയും ചെയ്ത ഒരു കഥ ദിലീഷിന് പറയാനുണ്ട്. പപ്പയുടെ സമീപനമാണ് ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് മാറ്റിയതെന്ന് ദിലീഷ് പറയുന്നു.

“എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌പെഷ്യല്‍ ക്ലാസുണ്ടെന്ന് കള്ളം പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി സിനിമയ്ക്ക് പോയി. ഈ സമയത്ത് പപ്പയുടെ സുഹൃത്തിന്റെ മകന് ഒരു അപകടമുണ്ടായി. അവന്റെ കാര്യത്തിന് പപ്പ സ്‌കൂളില്‍ വന്നപ്പോള്‍ എനിക്ക് ക്ലാസില്ലെന്ന കാര്യം അദ്ദേഹത്തിന് മനസ്സിലായി. പപ്പ നേരെ അഭിലാഷ് തിയേറ്ററില്‍ വന്നു. ഞാന്‍ സിനിമ വിട്ടിറങ്ങുമ്പോള്‍ പപ്പ വീടിന്റെ പുറത്ത് കാത്ത് നില്‍ക്കുന്നു. ഞാന്‍ സിനിമ കാണാന്‍ വന്ന കാര്യം പപ്പ മനസ്സിക്കിയത് എങ്ങനെയാണെന്ന് അറിയില്ല. പോവുകയല്ലേ എന്നു ചോദിച്ചു. പപ്പയുടെ കൈനറ്റിക് ഹോണ്ടയുടെ പിറകിലിരുത്തി മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോയി അപകടം പറ്റിയ പയ്യനെ എനിക്ക് കാണിച്ചു തന്നു. തിരിച്ച് എന്നെ വീട്ടിലേക്ക് ബസ് കയറ്റിവിടും മുമ്പെ ‘ നിന്റെ കൈയില്‍ പൈസ ഇല്ലെന്നാണ് എന്റെ വിശ്വാസം’ എന്നു പറഞ്ഞ് പണം എടുത്തു തരുകയും ചെയ്തു.

രാത്രിയാണ് പപ്പ വീട്ടിലേക്ക് വന്നത്. ഞാനാണെങ്കില്‍ തലവേദന ഭാവിച്ച് പുതച്ച് മൂടി കിടന്നു. പപ്പ പതുക്കെ വാതില്‍ തുറന്ന് എനിക്ക് പനിയുണ്ടോ എന്ന് തൊട്ടുനോക്കി. പപ്പ എന്നോട് സിനിമയെക്കുറിച്ച് ചോദിക്കുകയോ വഴക്ക് പറയുകയോ ചെയ്തില്ല. രാവിലെ പപ്പ പല്ലുതേച്ച് കൊണ്ടിരിക്കുമ്പോള്‍ ക്ഷമ നശിച്ച ഞാന്‍ ചോദിച്ചു. പപ്പ എന്താണ് എന്നെ വഴക്ക് പറയാത്തത്. മറുപടി ഞാന്‍ പ്രതീക്ഷിച്ചപോലായിരുന്നില്ല . ‘നീ ഇന്നുവരെ സിനിമ കാണാന്‍ പോകണം എന്ന് പറഞ്ഞിട്ടുണ്ടോ? ഞാന്‍ വേണ്ട എന്ന് പറഞ്ഞിട്ടുണ്ടോ? അപ്പോള്‍ നിനക്ക് സത്യം പറഞ്ഞ്പറഞ്ഞ് പോയാല്‍ പോരേ?’ ആ ചോദ്യത്തിന് മുന്‍പില്‍ ഞാന്‍ കരഞ്ഞു. വലിയ കാര്യമൊന്നുമല്ലെങ്കിലും ഈ സംഭവം സിനിമയോടുള്ള എന്റെ കാഴ്ചപ്പാട് മാറ്റി.”

shortlink

Related Articles

Post Your Comments

Related Articles


Back to top button