കണ്ണൂര്‍: ആയിരമോ പതിനായിരമോ അല്ല ഒരു ലക്ഷം രൂപ അടങ്ങിയ ബാഗാണ് യാത്രക്കാരന് മറന്നുവെച്ചത്. ബാഗ് മറന്നുവെച്ച യാത്രക്കാരന് ഒടുവില്‍ മുണ്ടുടത്ത ഡ്രൈവറെയും സര്‍ക്കസിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച ഓട്ടോയും തപ്പി നഗരത്തിലൂടെ നെട്ടോട്ടം ഓടിയത് നാലു മണിക്കൂറാണ്. വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്.
ഹൈദരാബാദില്‍ ആനിമേഷന്‍ സ്റ്റുഡിയോ നടത്തുന്ന നടാല്‍ സ്വദേശി അജേഷും ഭാര്യയും ഒരു ബന്ധുവിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാനാണ് ബാങ്കില്‍ നിന്നും എടുത്ത ഒരു ലക്ഷം രൂപയുമായിട്ടാണ് നാട്ടിലെത്തിയത്. രാവിലെ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രദര്‍ശനം നടത്തിയശേഷം ഒരു ഓട്ടോയില്‍ നഗരത്തിലേക്ക് പോയി. ഓട്ടോയുടെ ബാക്ക് സീറ്റിന് പിന്നില്‍ സൗകര്യാര്‍ത്ഥം പണമടങ്ങിയ ബാഗ് വെച്ചിരുന്നു. നഗരത്തില്‍ ഇന്ത്യന്‍ കോഫീഹൗസിന് മുന്നില്‍ ഇറങ്ങിയ ഇരുവരും പണമടങ്ങിയ ബാഗ് എടുക്കാന്‍ മറന്നു.
ചായകുടിക്കുന്നതിനിടയിലാണ് ബാഗിന്റെ കാര്യം ഓര്‍മ്മവന്നത്. പുറത്തുവന്ന് നോക്കിയപ്പോള്‍ ഓട്ടേയില്ല.
ടൗണ്‍ സ്റ്റേഷനിലെത്തി പരാതി നല്കി. ആകെപ്പാടെ അറിയാവുന്നത് ഓട്ടോ ഡ്രൈവര്‍ മുണ്ടുടുത്തയാളാണെന്നത് മാത്രം. ഇതിനിടയില്‍ കോഫീഹൗസ് ജീവനക്കാര്‍ സിസിടിവി ക്യാമറിയില്‍ ഓട്ടോയുടെ ദൃശ്യം പരിശോധിച്ചു. വശത്ത് സര്‍ക്കസിന്റെ സ്റ്റിക്കര്‍ പതിച്ച ഓട്ടോയാണെന്നത് മാത്രമാണ് കിട്ടിയ തെളിവ്. തുടര്‍ന്ന ദൃശ്യങ്ങളില്‍ കണ്ട ഓട്ടോയ്ക്കായി പോലീസ് വേറൊരു വഴിക്കും അജേഷ് മറ്റൊരു ഓട്ടോയിലും തെരച്ചില്‍ തുടങ്ങി. മുണ്ടടുത്ത ഓട്ടോ ഡ്രൈവര്‍ക്കും വശത്ത് സര്‍ക്കസിന്റെ സ്റ്റിക്കര്‍ പതിച്ച ഓട്ടോയ്ക്കുമായി പോലീസ് ഓരോ ഓട്ടോയും തടഞ്ഞ് പരിശോധിക്കാന്‍ തുടങ്ങി.
നാലു മണിക്കൂറോളം തിരഞ്ഞിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ കോഫീഹൗസിന് തെക്കി ബസാറിനടുത്ത് മുണ്ടുടുത്ത ഓട്ടോഡ്രൈവറും വശത്ത് സര്‍ക്കസിന്റെ സ്റ്റിക്കര്‍ പതിച്ചതുമായ പള്ളിക്കുന്ന് സ്വദേശി ദിലീപന്റെ ഓട്ടോ കിടക്കുന്നു. വണ്ടി തടയുന്നത് എന്തിനാണെന്നറിയാതെ ഒന്നമ്പരന്ന ഡ്രൈവര്‍ പിന്നില്‍ നിന്നും പണമടങ്ങിയ ബാഗ് കണ്ടെത്തിയപ്പോള്‍ ശരിക്കും ഞെട്ടി. ഇത്രയും പണവും വെച്ചുകൊണ്ടാണ് താന്‍ വണ്ടിയോടിച്ചതെന്ന് അറിഞ്ഞപ്പോള്‍ സ്തംബ്ദ്ധനായി. ഒടുവില്‍ ടൗണ്‍ സ്റ്റേഷനില്‍ എസ്ഐ ഷാജി പട്ടേരിയുടെ സാന്നിദ്ധ്യത്തില്‍ ബാഗ് കൈമാറി എല്ലാവരും കൈ കൊടുത്തു പിരിഞ്ഞു.
Post Your Comments