വ്യവസായിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി കുടുങ്ങി. പിടികൂടിയത് ആയുര്‍വേദ മരുന്നിന്റെ അസംസ്കൃത വസ്തു വാങ്ങി നല്‍കാമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ സംഘത്തിന്റെ തലവനെയാണ്.
പ്രതിയെ പിടികൂടാന്‍ സഹായിച്ചത് പഴുതടച്ച ശാസ്ത്രീയമായ അന്വേഷണ മികവാണ്. എറണാകുളം സ്വദേശിയായ വ്യവസായി ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട വ്യക്തിയെ വിശ്വസിച്ചതാണ് ചെയ്ത തെറ്റ്. ഓണ്‍ലൈന്‍ മുഖേന വ്യവസായിയുടെ വ്യക്തിഗത വിവരങ്ങളെല്ലാം മനസ്സിലാക്കിയ തട്ടിപ്പ് സംഘം ആദ്യപടിയായി ഇരയുടെ വിശ്വാസമാര്‍ജ്ജിച്ചു. ഇന്ത്യയില്‍ നിന്ന് ബ്രിട്ടണിലെ ഇംപീരിയല്‍ ലബോറട്ടറീസ് എന്ന സ്ഥാപനത്തിന് വേണ്ടി ടാഗ്രി റൂട്ട്സ് എന്ന അസംസ്കൃത വസ്തു ആവശ്യമുണ്ടെന്ന് കാണിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
വ്യാജമായി തയ്യാറാക്കിയ ഇ-മെയിലുകളും വെബ്സൈറ്റുകളും ഇതിനായി ഉപയോഗിച്ചു. ഒരു നൈജീരിയന്‍ സ്വദേശിയെ കമ്പനിയുടെ പ്രതിനിധി എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. ആദ്യപടിയായി 68 ലക്ഷം രൂപ വാങ്ങിയെടുത്ത സംഘം പരാതിക്കാരനെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു.
വ്യവസായിയെ വിളിക്കാന്‍ ഉപയോഗിച്ച ഫോണിലെ IME നമ്പര്‍ നിരന്തരമായി നിരീക്ഷിച്ച സൈബര്‍ പൊലീസ് സംഘം പ്രതി രാജസ്ഥാന്‍ സ്വദേശിയായ ജയേഷ് കുമാര്‍ അഗര്‍വാള്‍ ആണെന്ന് മനസ്സിലാക്കി. എന്നാല്‍ സ്ഥിരമായി ഒരിടത്തും താമസിക്കാത്ത ഇയാളുടെ ഇ-മെയില്‍ ചോര്‍ത്തിയാണ് മുംബൈയില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സൈബര്‍ ക്രൈം DySP എം ഇക്ബാല്‍, എസ് ഐ അനീഷ് കരീം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എന്‍ സുനില്‍കുമാര്‍, പി ഷിബു എന്നിവരടങ്ങുന്ന സംഘം മുംബൈയില്‍ നിന്ന് പിടികൂടുകയായിരുന്നു.
Post Your Comments