കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഹിറ്റ്ലറാണോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗെയിൽ വാതകപൈപ്പ് ലൈൻ വിഷയത്തിൽ സമരം ചെയ്യുന്നവരെ തോക്കും ലാത്തിയും ഉപയോഗിച്ചു നേരിടാൻ ശ്രമിച്ച മുഖ്യമന്ത്രിക്കെതിരെയാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്.
സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനാണു സർക്കാർ നീക്കമെങ്കിൽ യുഡിഎഫിന് സമരം ഏറ്റെടുക്കേണ്ടിവരും.യുഡിഎഫ് ഇതുവരെ ഈ സമരം ഏറ്റെടുത്തിട്ടില്ല. യുഡിഎഫ് നിലപാട് നാട്ടിൽ വികസനം വരണം എന്നാണ്. എന്നാൽ വികസനത്തിന്റെ പേരിൽ ജനത്തിനുണ്ടാകുന്നു ബുദ്ധിമുട്ട് കണ്ടില്ലെന്നു നടിക്കരുത്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുമ്പോൾ സമരങ്ങളോടു സർക്കാർ കാണിക്കുന്ന അസഹിഷ്ണുത ദൗർഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാർ സ്വാശ്രയ മാനേജ്മെന്റുകളുമായി കരാറൊപ്പിടാമെന്ന നിയമവ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകണം. സ്വാശ്രയ മാനേജ്മെന്റുകളുമായി സർക്കാർ ഒത്തുകളിച്ചു. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. സർക്കാരിന്റെ കേസുകളിൽ കേസു തോറ്റുകൊടുക്കുന്ന പ്രവണതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments