തിരുവനന്തപുരം : മതം മാറി വിവാഹം കഴിച്ചതിനെ തുടര്‍ന്ന് വീട്ടുതടങ്കലില്‍ കഴിയുന്ന വൈക്കം സ്വദേശിനി ഹാദിയയ്ക്ക് പിതാവില്‍ നിന്ന് ഉപദ്രവം ഏല്‍ക്കുന്നില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. കോട്ടയം ജില്ല പൊലീസ് മേധാവി വി.എം.മുഹമ്മദ് റഫീഖ് വനിത കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ട് വനിതാ പൊലീസുകാരുടെ നേരിട്ടുള്ള സംരക്ഷണത്തിലാണ് ഹാദിയ വീട്ടില്‍ കഴിയുന്നത്.
ഹാദിയയുടെ ഒടുവിലത്തെ സ്ഥിതിഗതി ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജില്ലാ മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അഖിലയെന്ന ഹാദിയയുടെ വീടിന് പുറത്ത് പൊലീസ് കാവലുണ്ട്. രാത്രികാലങ്ങളില്‍ വൈക്കം സബ്ഡിവിഷനിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ മൊബൈല്‍ പട്രോളിംഗ് ഡ്യൂട്ടിയിലുള്ളവര്‍ സുരക്ഷ നല്‍കുന്നു.
കുടുംബം ബന്ധുക്കളുമായും അയല്‍വാസികളുമായും ഇടപഴകിയാണ് ജീവിക്കുന്നതെന്നും പിതാവ് യുവതിയെ ശാരീരികമായി ഉപദ്രവിയ്ക്കുന്നില്ലെന്നും ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിരിക്കുന്ന പൊലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്.
അഞ്ച് ദിവസത്തിലൊരിയ്ക്കല്‍ ഹാദിയയുടെ സ്ഥിതി അറിയിക്കണമെന്നും , നോരിട്ടുള്ള സംരക്ഷണത്തിന് നിയോഗിച്ചിരിക്കുന്ന വനിത പൊലീസുകാരുടെ അഭിപ്രായം റിപ്പോര്‍ട്ടില്‍ നിര്‍ബന്ധമായും ഉള്‍കൊള്ളിയ്ക്കണമെന്നും എസ്.പിയ്ക്ക് നിര്‍ദേശം നല്‍കുമെന്ന് എം.സി.ജോസഫൈന്‍ പറഞ്ഞു.
Post Your Comments