കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജിന്ന് ചികിത്സയുടെയും മന്ത്രവാദത്തിന്റെയും പേരിലുള്ള ചൂഷണങ്ങള്‍ ഇപ്പോഴും നടക്കുന്നുവെന്നതിന്റെ തെളിവാണ് ഏറ്റവും ഒടുവില്‍ മലപ്പുറത്തു നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസ്. മാധ്യമങ്ങളും അധികൃതരും നിരവധി തവണ ബോധവത്ക്കരണം നടത്തിയിട്ടും തട്ടിപ്പ് നിര്‍ബാധം തുടരുകയാണ്. രോഗം മാറ്റിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ചികിത്സ നടത്തുന്നതിനിടെ സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് വടകരയില്‍ വ്യാജ സിദ്ധന്‍ അറസ്റ്റിലായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. വേളം പൂളക്കൂലിലെ മരുതോളി താമസിക്കുന്ന ചോയ്യങ്കണ്ടി മുഹമ്മദിനെയാണ് (47) വടകര സി.ഐ ടി. മധുസൂദനനും സംഘവും അറസ്റ്റ് ചെയ്തത്.
സഹോദരിമാരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. തുടര്‍ന്ന് പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇയാള്‍ക്കെതിരെ കുറ്റ്യാടി പൊലീസ് ഒരു മാസം മുമ്പേ കോടതി നിര്‍ദേശപ്രകാരം മറ്റൊരു സംഭവത്തില്‍ കേസെടുത്തിരുന്നു. രോഗം മാറ്റിത്തരാമെന്നു പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലായിരുന്നു ഈ കേസ്. ഈ വാര്‍ത്ത പുറത്തുവന്നതിനു ശേഷമാണ് പെണ്‍കുട്ടികള്‍ തങ്ങള്‍ നേരിട്ട ദുരനുഭവം രക്ഷിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ വടകര പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ചൊവ്വാഴ്ച സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടി. പെണ്‍കുട്ടികള്‍ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മൂത്ത കുട്ടിക്ക് അസുഖമായതിനാലാണ് രക്ഷിതാക്കള്‍ ഇയാളുടെ ചികിത്സ തേടിയത്. ശരീരത്തില്‍ ജിന്ന് കൂടിയതാണെന്നും ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞാണ് ചികിത്സിച്ചത്. അനുജത്തിയുടെ ശരീരത്തിലാണ് ശക്തിയുള്ള ജിന്നുള്ളതെന്നും അവളെയും ചികിത്സിക്കണമെന്നും ഇയാള്‍ ധരിപ്പിച്ചു. തുടര്‍ന്ന് രണ്ടുപേരെയും പല പ്രാവശ്യങ്ങളിലായി ചികിത്സിച്ചു. ഈ അവസരങ്ങളിലെല്ലാം പീഡനം നടന്നതായി പൊലീസ് പറയുന്നു. പുറത്ത് അറിയിച്ചാല്‍ കുടുംബത്തെ മൊത്തം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതുകൊണ്ടുതന്നെ കുട്ടികള്‍ സംഭവിച്ചതൊന്നും പുറത്തുപറഞ്ഞില്ല. വൃക്കരോഗം ബാധിച്ച തിരുവള്ളൂര്‍ സ്വദേശിയില്‍നിന്ന് ചികിത്സയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ സംഭവത്തിലും ഇയാള്‍ക്കെതിരെ വടകര പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്.
Post Your Comments