കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിങ് നിർബന്ധമാകുന്നു.ഇന്നുമുതൽ പരീക്ഷണാർത്ഥത്തിൽ പഞ്ചിങ് സാധ്യമാക്കും.മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജർ വ്യവസ്ഥാപിതമാക്കുകയും ഇതുവഴി സ്ഥാപനങ്ങളുടെ നിലവാരം വർധിപ്പിക്കുകയുമാണ് ബയോമെട്രിക് പഞ്ചിങ്ങിന്റെ ലക്ഷ്യം.
സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ 10 മെഡിക്കൽ കോളജുകളും ഇവയുടെ പരിധിയിലെ ഡെൻറൽ, നഴ്സിങ്, ചെസ്റ്റ് ആശുപത്രികൾ തുടങ്ങിയവയുമായി 30ലേറെ സ്ഥാപനങ്ങളുണ്ട്. ഒരുമാസം പരീക്ഷണാടിസ്ഥാനത്തിൽ പഞ്ചിങ് നടപ്പാക്കുകയും കാലയളവിൽ പോരായ്മകൾ കണ്ടെത്തി പരിഹരിക്കുകയും ചെയ്യും. ഡി.എം.ഇക്കു കീഴിലുള്ള ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ തുടങ്ങിയവർക്കാണ് പഞ്ചിങ് നിർബന്ധമാക്കുന്നത്. ജീവനക്കാരുടെ വിരലടയാളം ശേഖരിക്കുന്നതുൾപ്പെടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പഞ്ചിങ് നിർബന്ധമാക്കുന്നതോടെ ഒപ്പിട്ടു മുങ്ങുന്നുവെന്ന പരാതി ഇല്ലാതാകും.ഇതോടൊപ്പം പഴയ രീതിയിലെ ഹാജർ ഒപ്പിടലും തുടരും. നിലവിൽ 70 ശതമാനത്തിലേറെ വിരലടയാളം ശേഖരിക്കുകയും കെൽട്രോണിന്റെ നേതൃത്വത്തിൽ എല്ലാ സ്ഥാപനങ്ങളിലും പഞ്ചിങ് യന്ത്രം സ്ഥാപിക്കുകയും ചെയ്തതായി സംസ്ഥാനതല നോഡൽ ഓഫിസർ ജോസി സെബാസ്റ്റ്യൻ പറഞ്ഞു.
Post Your Comments