KeralaLatest NewsNews

കോഴിക്കോട്ടെ കര്‍ഷക ആത്മഹത്യയില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫിസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നു കലക്ടറുടെ റിപ്പോര്‍ട്ട്. നേരത്തെ സസ്‌പെന്‍ഷനിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ ഗുരുതര വീഴ്ചയുണ്ടായെന്ന് തെളിയിക്കുന്ന വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. ഭൂനികുതി സ്വീകരിക്കാത്ത നടപടിയില്‍ മനം നൊന്തു ചെമ്പനോട കാവില്‍ പുരയിടത്തില്‍ തോമസ് (ജോയി) ആണ് ജൂണ്‍ 21ന് വില്ലേജ് ഓഫിസിനു മുന്നില്‍ തൂങ്ങിമരിച്ചത്.

വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ്, വില്ലേജ് ഓഫിസര്‍ പി. എ. സണ്ണി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് സിലീഷ് അറസ്റ്റിലായി. വിശദമായ അന്വേഷണത്തിന് റവന്യു മന്ത്രി ഉത്തരവിട്ടു. കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ താലൂക്കിലെയും വില്ലേജ് ഓഫിസിലെയും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയുണ്ട്. കൃത്യമായ രേഖകള്‍ നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കാലതാമസം വരുത്തിയതായും കണ്ടെത്തി.

ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവാണ് കര്‍ഷകന്റെ ആത്മഹത്യയ്ക്കിടയാക്കിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ ചില കര്‍ഷകര്‍ നല്‍കിയ പരാതിയുടെ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഇവര്‍ക്കെതിരായ വകുപ്പുതല നടപടിക്ക് കലക്ടര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി. ചെമ്പനോടയിലെ കര്‍ഷക ആത്മഹത്യയില്‍ നേരത്തെ റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ച സൂചിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കലക്ടറുടെ കണ്ടെത്തലുകളും സര്‍ക്കാരിന് കൈമാറിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button