തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളുടെ അവകാശങ്ങൾക്കായി തലസ്ഥാനത്ത് രാപകൽ സമരവും കണ്ണുതുറപ്പിക്കൽ സമരവും നടത്തുന്നു . ഒക്ടോബർ 11 മുതൽ സംസ്ഥാനത്തു സേക്രഡ് എന്ന സംഘടന നടത്തി വരുന്ന അവകാശ കൂട്ടായ്മ ചൊവ്വാഴ്ച തിരുവനന്തപുരത്തു സമാപിക്കും. സെക്രട്ടേറിയേറ്റിനു മുന്നിൽ ചൊവ്വാഴ്ച രാവിലെ മുതൽ രാപ്പകൽ സമരവും ബുധനാഴ്ച അധികാരികളുടെ ’കണ്ണുതുറപ്പിക്കൽ സമരവും’ സംഘടിപ്പിക്കും.
ഭിന്നശേഷിക്കാരായ കുട്ടികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവരുൾപ്പെടെ 25000ൽപരം പേർ സമരത്തിൽ പങ്കെടുക്കുന്നു.ഈ സമരം സർക്കാരിനെതിരേയല്ല. മറിച്ച് അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഭിന്നശേഷിക്കാരായ മക്കൾക്കും അവരെക്കുറിച്ചോർത്തു കരയുന്ന മാതാപിതാക്കൾക്കും വേണ്ടിയാണെന്നു സ്പെഷൽ ഒളിന്പിക്സ് ഭാരതിന്റെ കേരള ഏരിയ ഡയറക്ടറും സേക്രഡ് സംസ്ഥാന കോർഡിനേറ്ററുമായ ഫാ. റോയി കണ്ണൻചിറ പറഞ്ഞു.
ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് സർക്കാർ സഹായം ലഭിക്കുന്നുവെങ്കിലും മാനസിക വൈകല്യമുള്ള കുട്ടികൾക്ക് സഹായം ലഭിക്കുന്നില്ല. ഭിന്നശേഷിക്കാരായ കുട്ടികളുടെ കല -കായിക കഴിവുകളെ അവഗണിക്കൽ, സ്പെഷൽ സ്കൂൾ ജീവനക്കാരുടെ ശമ്പള വർദ്ധനവ് തുടങ്ങിയ പല വിഷയങ്ങളെ മുൻനിർത്തിയാണ് സമരം സംഘടിപ്പിക്കുന്നത്.
Post Your Comments