കൊച്ചി : സംസ്ഥാനത്ത് ഷോപ്പിംഗ് മേഖലയില്‍ അടിമുടി മാറ്റം. ഇനി മുതല്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് നടത്താം.
സംസ്ഥാനത്ത് രാത്രികാല ഷോപ്പിങ്ങിനു നിയമപ്രാബല്യം. ഉടമ ആഗ്രഹിക്കുന്നെങ്കില്‍ ദിവസം 24 മണിക്കൂറും, വര്‍ഷം മുഴുവനും വ്യാപാരം നടത്താം.
കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണു കേരള ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമം സര്‍ക്കാര്‍ അഴിച്ചുപണിയുന്നത്.
നിലവിലെ നിയമം അനുസരിച്ചു രാത്രി പത്തിനുശേഷം കട പ്രവര്‍ത്തിക്കാനാവില്ല. ആഴ്ചയില്‍ ഒരു ദിവസം കട അവധിയായിരിക്കണം. രാത്രി വ്യാപാരം ചിലയിടങ്ങളില്‍ നടക്കുന്നതു തൊഴില്‍ വകുപ്പിന്റെ അനുമതിയോടെയാണ്.
സ്ത്രീ തൊഴിലാളികളെക്കൊണ്ടു രാത്രി ഏഴിനു ശേഷം ജോലിചെയ്യിക്കാന്‍ ഇപ്പോള്‍ അനുമതിയില്ല. എന്നാല്‍, യാത്രാസൗകര്യം ഒരുക്കിയാല്‍ സ്ത്രീകള്‍ക്കും ഏതുസമയത്തും ജോലി പുതിയ നിയമം അനുവദിക്കുന്നു. തൊഴിലാളികളുടെ ജോലിസമയം എട്ടില്‍നിന്ന് ഒന്‍പതാക്കിയും ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ് ആക്ടിന്റെ മാതൃകയനുസരിച്ചാണു പുതിയ നിയമം. നവംബര്‍ 30ന് അകം എല്ലാ സംസ്ഥാനങ്ങളും ചട്ടം രൂപീകരിക്കണം.
പുതിയ വ്യവസ്ഥകള്‍
പത്തു ജീവനക്കാരില്‍ കുറവുള്ള കച്ചവട സ്ഥാപനങ്ങള്‍ക്കു ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ റജിസ്ട്രേഷന് വേണ്ട.
24 മണിക്കൂറും, അവധിയില്ലാതെ വര്‍ഷം മുഴുവനും സ്ഥാപനം തുറക്കാം.
ജോലി സമയം ഒന്‍പതു മണിക്കൂറാവും. ഒരു മണിക്കൂര്‍ ഇടവേള. അധിക ജോലിചെയ്യുന്ന ഓരോ മണിക്കൂറിനും ഇരട്ടിശമ്പളം.
പരമാവധി ജോലിസമയം ആഴ്ചയില്‍ 125 മണിക്കൂര്‍.
ആഴ്ചയിലൊരിക്കല്‍ അവധി.
സ്ത്രീകള്‍ക്കു രാത്രി ഒന്പതുവരെ ജോലി. സമ്മതമാണെങ്കില്‍ ഒന്‍പതിനുശേഷവും തുടരാം.
സ്ത്രീസുരക്ഷയും രാത്രി യാത്രാസൗകര്യവും ഉറപ്പാക്കണം.
ലേബര്‍ ഇന്‍സ്പെക്ടര്‍ ലേബര്‍ ഫെസിലിറ്റേറ്റര്‍ ആവും.
വ്യാപാര സ്ഥാപന റജിസ്ട്രേഷന് 10 വര്‍ഷം.
നിയമ ലംഘനത്തിനു പിഴ ഉയര്‍ത്തി. ഒരു ജീവനക്കാരനു 2000 രൂപ വീതം പരമാവധി രണ്ടു ലക്ഷം രൂപ പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ചുലക്ഷം രൂപ വരെ.
20 ജീവനക്കാര്‍ക്ക് ഒന്ന് എന്ന കണക്കില്‍ ശുചിമുറി വേണം.
സ്ത്രീ ജീവനക്കാരുണ്ടെങ്കില്‍ ക്രഷ് സംവിധാനം ഒരുക്കണം.
രാത്രി യാത്ര
വന്‍കിട സ്ഥാപനങ്ങളില്‍ സ്ത്രീ ജീവനക്കാര്‍ക്കു യാത്രാസൗകര്യം ഒരുക്കേണ്ടതു സ്ഥാപന ഉടമയാണ്. എന്നാല്‍ ചെറുകിട സ്ഥാപനങ്ങളില്‍ ഉത്തരവാദിത്തം സര്‍ക്കാരിന്റേതു കൂടിയാണ്. കട ഉടമകള്‍ സംയുക്തമായോ വ്യാപാരി സംഘടനകളും തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നോ തൊഴിലാളിക്ഷേമ ഫണ്ട് ഉപയോഗിച്ചോ യാത്രാസൗകര്യം ഏര്‍പ്പെടുത്താം. ക്രഷ് സംവിധാനവും ഇത്തരത്തില്‍ സംയുക്തമായി നടത്താം.
Post Your Comments