ന്യൂഡല്‍ഹി: യു.എസിലെ ഡാലസില്‍ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി മേനകാഗാന്ധിയോട് റിപ്പോര്‍ട്ട് തേടി. ബീഹാറിലെ ഗയയില്‍ ജനിച്ച കുട്ടിയെ ദത്തെടുത്ത വെസ്ളി മാത്യൂസിനെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്ത സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍.
ഇന്ത്യയില്‍ നിന്നുള്ള കുട്ടികളെ ദത്തെടുത്ത് വിദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാനും സുഷമാ സ്വരാജ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇനി മുതല്‍ ദത്തെടുക്കപ്പെടുന്ന കുട്ടിക്ക് വിദേശത്തു പോകാനുള്ള പാസ്പോര്‍ട്ട് ലഭിക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ അനുമതി തേടണം.കുട്ടികളെ ദത്തെടുക്കാന്‍ സഹായിക്കുന്ന നോഡല്‍ ഏജന്‍സിയായ ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്സസ് അതോറിറ്റി(കാര) ഷെറിന്റെ മരണ വിവരങ്ങള്‍ക്കായി യു.എസിലെ ഏജന്‍സിയെ ബന്ധപ്പെട്ടിട്ടുണ്ട്.
ബീഹാറിലെ ഗയയില്‍ ജനിച്ച ഷെറിനെ(ആദ്യപേര് സരസ്വതി) മാതാപിതാക്കള്‍ ഉപേക്ഷിച്ചു. നളന്ദയിലെ മദര്‍ തേരേസാ സേവാ ആശ്രമത്തിന്റെ അനാഥലയത്തില്‍ നിന്നാണ് കുട്ടിയെ കാര വഴി വെസ്ളി മാത്യൂസ് ദത്തെടുക്കുന്നത്. കുട്ടി യു.എസിലെ സാഹചര്യങ്ങളുമായി ഇണങ്ങി വരുന്നു എന്നാണ് വെസ്ളി ആദ്യം കാരയെെ അറിയിച്ചത്. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് പിന്നീട് വിവരം നല്‍കി.പാല്‍ കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തെ മരത്തിനു കീഴില്‍ നിറുത്തിയ കുട്ടിയെ പതിനഞ്ചു മിനിട്ടിനുശേഷം കാണാതായെന്നാണു വെസ്ലി ആദ്യം മൊഴി നല്‍കിയത്.
പിന്നീട് ചോദ്യം ചെയ്യലില്‍ ഇയാള്‍ വിരുദ്ധമായ മൊഴിയാണ് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. പാൽനിർബന്ധിച്ചു കുടിപ്പിച്ചപ്പോൾ ചുമയും ശ്വാസതടസവുമുണ്ടായതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് വളര്‍ത്തച്ഛനായ വെസ്ലി മാത്യൂസ് പൊലീസില്‍ മൊഴി നല്‍കി. ഷെറിനെ ക്രൂരമായി പരിക്കേല്‍പിച്ചത് അടക്കമുള്ള വകുപ്പുകളാണ് വെസ്ലിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ അഞ്ച് മുതല്‍ 99 വരെ വര്‍ഷം തടവ് ലഭിക്കാം.
Post Your Comments