ന്യൂഡല്‍ഹി: രാജ്യത്ത് വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നത് കൂടുതല്‍ എളുപ്പമായി മാറുന്നു. ഇനി മുതല്‍ മൊബൈല്‍ ആധാര്‍ ഉപയോഗിച്ച് കുട്ടികള്‍ക്കു ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ സാധിക്കും. ഇതിനു വേണ്ടി പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡുകളുടെ ആവശ്യമില്ല. ഏവിയേഷന്‍ സെക്യൂരിറ്റി ഏജന്‍സി (ബിസിഎഎസ്) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കുലര്‍ മുഖേന ഈ നിര്‍ദേശം ബിസിഎഎസ് നല്‍കിയിട്ടുണ്ട്. ബിസിഎഎസ് നിര്‍ദേശിക്കുന്ന പത്ത് തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഏതെങ്കിലും ഒന്ന് കരുതിയാല്‍ മതി വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ സാധിക്കും. ഈ പത്തു രേഖകള്‍ പാസ്പോര്‍ട്ട്, വോട്ടേഴ്സ് ഐഡി, ആധാര്‍, മൊബൈല്‍ ആധാര്‍, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ദേശസാത്കൃത ബാങ്കുകളില്‍ നിന്നുള്ള പാസ്ബുക്ക്, പെന്ഷന് കാര്‍ഡ്, ഭിന്നശേഷിയാണെന്ന് തെളിയിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, സര്‍വീസ് ഫോട്ടോ ഐഡി, വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന തിരിച്ചറിയല്‍ രേഖ എന്നിവയാണ്.
വിമാനത്താവങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റിനു പുറമെ ഏതെങ്കലും തിരിച്ചറിയല്‍ രേഖയും കരുതണം. ഇതു വഴി സുരക്ഷാ ജീവനക്കാരുമായുള്ള തര്‍ക്കം ഒഴിവാക്കാന്‍ സാധിക്കുമെന്നു ബിസിഎഎസ് പ്രതീക്ഷിക്കുന്നു. അഥവാ ഈ രേഖകള്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൊണ്ടു വരണം.
പഴയ ശൈലിയില്‍ തന്നെ രാജ്യാന്തര വിമാനത്താവളങ്ങളില്‍ പാസ്പോര്‍ട്ട്, ടിക്കറ്റ് പരിശോധന എന്നിവ നടക്കും.
Post Your Comments