ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്‌ദി ആഘോഷങ്ങൾ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിലൂടെ വിദ്യാഭ്യാസമന്ത്രി പ്രൊ. രവീന്ദ്രനാഥ് സംഘ അജണ്ടകൾക്ക് കൂട്ട് നിൽക്കുകയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നു ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് നഈം ഗഫൂർ. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി സംലടിപ്പിച്ച പ്രകടനവും പ്രതിഷേധ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങളും തദനുബന്ധ പരിപാടികളും സ്‌കൂളുകളിൽ വേണ്ടെന്നു വയ്ക്കാനുള്ള അവകാശം സംസ്ഥാന സർക്കാറിനു ഉണ്ടെന്നിരിക്കെ ഇത്തരത്തിൽ ഒരു സർക്കുലറും മാർഗ്ഗരേഖയും അയച്ചത് സർക്കാറിന് സംഘ്പരിവാറിനോടുള്ള വിധേയത്വവും ദാസ്യമനോഭാവവുമാണ് പ്രകടമാക്കുന്നത്. ഒരു ഭാഗത്തു സംഘ വിരുദ്ധ വീരസ്യങ്ങൾ പ്രസംഗിക്കുകയും മറുഭാഗത്തു സംഘ്അജണ്ടകൾക്ക് വെള്ളവും വളവും നൽകുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ഇടതുപക്ഷം അവസാനിപ്പിക്കണം. കുറുക്കു വഴികളിലൂടെ സംഘ് വിധേയത്വം പ്രകടിപ്പിക്കാനും നടപ്പിലാക്കാനും കൂട്ടു നിൽക്കുന്ന വിദ്യാഭ്യാസ മന്ത്രിയെ ഫ്രറ്റേണിറ്റി മൂവ്മെന്റ് തെരുവിൽ വിചാരണ ചെയ്യും.
സംഘ് വിരുദ്ധ രാഷ്ട്രീയം കേവല വാചാടോപങ്ങളിൽ മാത്രമൊതുക്കാത്ത പുതിയ രാഷ്ട്രീയ സാമൂഹിക വ്യവഹാരങ്ങളും പ്രതിനിധാനങ്ങളും സംഘ് പ്രതിരോധമുന്നണിയെ മുന്നിൽ നിന്ന് നയിക്കുന്നുണ്ടെന്ന കാര്യം വിദ്യാഭ്യാസ മന്ത്രിയും ഇടതുപക്ഷ സർക്കാരും മനസ്സിലാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. തുടർന്ന് വിവാധമായ വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു. പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി ലബീബ് കായക്കൊടി അദ്ധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി ബാസില ഐ.കെ സ്വാഗതവും മുസ് ലിഹ് പെരിങ്ങൊളം നന്ദിയും പറഞ്ഞു. കോഴിക്കോട് നഗരത്തിൽ നടന്ന പ്രകടനത്തിന് ജില്ലാ ജനറൽ സെക്രട്ടറി സുഫാന ഇസ്ഹാഖ്, വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ, ജില്ലാ സമിതി അംഗങ്ങളായ മെഹ്ജബിൻ, മുഹമ്മദ് ഗസ്സാലി, മുജാഹിദ് മേപ്പയൂർ എന്നിവർ നേത്യത്വം നൽകി.
Post Your Comments