
തൃശൂര്‍: യുവാവ് പഴംപൊരിയുമായി സെല്‍ഫിയെടുക്കുകയും പൊലീസുകാരെ അസഭ്യം വിളിക്കുയും ചെയ്ത സംഭവത്തില്‍, മൂന്ന് പൊലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ രാഹുല്‍.ആര്.നായരാണ് വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ടത്.പ്രതിയുടെ ഫോണ്‍ പിടിച്ചെടുക്കാതിരുന്നത് പൊലീസിന്റെ വീഴ്ചയാണെന്നാണ് വിലയിരുത്തിയത്. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം.
ട്രാഫിക് പൊലീസിനെ അസഭ്യം പറഞ്ഞ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ അതിനേക്കാള്‍ വലിയ തലവേദനയാണ് പൊലീസുകാര്‍ക്ക് ഇപ്പോഴുണ്ടായിരിക്കുന്നത്. സ്റ്റേഷനിലിരുന്ന് പൊലീസുകാരെ അസഭ്യത്തില്‍ കുളിപ്പിച്ചുവെന്ന് മാത്രമല്ല, മതസ്പര്‍ദ്ധയുണ്ടാക്കുന്ന പരമാര്‍ശങ്ങള്‍ നടത്തുകയും അതിന്റെ വീഡിയോ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുയും ചെയ്തു.
വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് കുറുകെ കടക്കാന്‍ ട്രാഫിക്ക് പൊലീസ് ബൈക്ക് തടഞ്ഞതോടെയാണ് സംഭവം. സെല്‍ഫിയെടുത്തും പൊലീസുകാരെ വെല്ലുവിളിച്ചുമാണ് കോട്ടപ്പടി സ്വദേശി അഫ്നാസ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയത്.
സ്കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥികളെ റോഡ് മുറിച്ചു കടക്കാന്‍ സഹായിക്കുകയായിരുന്നു ട്രാഫിക് പൊലീസുകാര്‍. കുട്ടികള്‍ക്ക് കടന്നു പോകാന്‍ ബൈക്ക് തടഞ്ഞതോടെയാണ് അഫ്നാസ് പൊലീസുകാരന് നേരെ തിരിഞ്ഞത്.
അസഭ്യ വര്‍ഷം നടത്തി കയര്‍ത്തതോടെ അഫ്നാസിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഇതോടെയാണ് സംഗതി വീണ്ടും കൈവിട്ടുപോയി.
സ്റ്റേഷനിലെത്തിയ അഫ്നാസ് മരക്കസേര തല്ലിപ്പൊളിച്ചു. മേശപ്പുറത്ത് കാല് കയറ്റി വച്ചും പൊലീസുകാരുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയും യുവാവ് വെല്ലുവിളി തുടര്‍ന്നു. മതസ്പര്‍ദ്ധ പടര്‍ത്തും വിധം പരാമര്‍ശങ്ങള്‍ നടത്തിയെടുത്ത വീഡിയോ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്കി. വിളിച്ചു വരുത്തിയ സുഹൃത്തുക്കള്‍ക്കൊപ്പം പഴംപൊരി കഴിച്ചും അശ്ലീല ആംഗ്യം കാട്ടി പൊലീസിനെ പരിഹസിച്ചും ഇവര്‍ പരാക്രമം നടത്തി.
പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പുറമെ മതസ്പര്‍ധ പരത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനും കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ അഫ്നാസിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Post Your Comments