ന്യൂഡല്‍ഹി:ഇന്റര്‍നെറ്റ് വഴിയുള്ള ഫോണ്‍വിളികള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). സാധാരണ ലാന്‍ഡ് ലൈന്‍ ഫോണ്‍ വിളികളുടെ മാതൃകയില്‍ ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ക്കും കൃത്യമായ പ്രവര്‍ത്തന രീതി നിശ്ചയിക്കണമെന്നും അതുവഴി ലാഭം കണ്ടെത്താന്‍ കഴിയണമെന്നും ട്രായ് നിര്‍ദ്ദേശിക്കുന്നു.
ഡാറ്റ ഉപയോഗിച്ച് മൊബൈല്‍ ആപ്പുകള്‍ വഴി ടെലിഫോണ്‍ സേവനങ്ങള്‍ നല്കുന്ന അംഗീകൃത ടെലികോം സേവന ദാതാക്കള്‍ക്കാണ് ട്രായ്യുടെ പുതിയ നിര്‍ദ്ദേശം. വാട്സ്ആപ്പ്, വൈബര്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാവില്ല.
ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിച്ച് മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള ഫോണ്‍വിളികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന രാജ്യത്തെ വിവിധ ടെലികോം കമ്പനികളുടെ ആവശ്യം നിലനില്‍ക്കെയാണ് ഇന്റര്‍നെറ്റ് ഫോണ്‍വിളി പ്രോത്സാഹിപ്പിക്കുന്ന പുതിയ നിര്‍ദേശങ്ങളുമായി ട്രായ് മുന്നോട്ട് വന്നിരിക്കുന്നത്. സ്മാര്‍ട്ട്ഫോണുകളുടെയും ടാബ്ലെറ്റുകളുടെയും കടന്നുവരവോടെ ആപ്ലിക്കേഷനുകള്‍ വഴിയുള്ള ആശയവിനിമയം വര്‍ധിച്ചത് തങ്ങളുടെ വരുമാനത്തില്‍ വന്‍ ഇടിവ് വരുത്തി തുടങ്ങിയിട്ടുള്ളതായി ടെലികോം കമ്പനികള്‍ പറയുന്നു.
എന്നാല്‍ ഫോണ്‍ വിളിക്കുന്നതിന് ഏത് മാര്‍ഗം സ്വീകരിക്കണമെന്നത് ഉപഭോക്താക്കളുടെ തീരുമാനമാണ്. മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലെങ്കിലും വൈഫൈ വഴിയുള്ള ഫോണ്‍ കോളുകള്‍ വഴി പരിധിയില്ലാത്ത ഫോണ്‍ വിളി സാധ്യമാവും. റിലയന്‍സ് ജിയോ നല്കുന്ന വോള്‍ട്ടി സേവനങ്ങളുടെ വരവോടെ ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിച്ചുള്ള ഫോണ്‍വിളികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ മാതൃകയിലേക്ക് പ്രവര്‍ത്തനരീതി മാറ്റണമെന്ന നിര്‍ദ്ദേശമാണ് ട്രായ് നിര്‍ദ്ദേശിക്കുന്നത്.
മൊബൈല്‍ സിഗ്നല്‍ ഇല്ലാത്തയിടങ്ങളിലും അവിടെ ലഭ്യമായ ഇന്റര്‍നെറ്റ് വൈഫൈ സേവനങ്ങള്‍ ഉപയോഗിച്ച് ഫോണ്‍ വിളിക്കാന്‍ കഴിയുന്ന സാഹചര്യത്തിലേക്കാണ് ട്രായിയുടെ പുതിയ നീക്കം. ഇന്റര്‍നെറ്റ് ഫോണ്വിളികള്ക്കായുള്ള ഈ നിര്‍ദ്ദേശങ്ങള്‍ ട്രായ് ടെലികോം മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന ഭീതി ടെലികോം കമ്പനികള്‍ക്കുണ്ട്.
Post Your Comments