ട്രിച്ചി•വിജയ് നായകനായ തമിഴ് ചിത്രം മെര്‍സലിനെച്ചൊല്ലി ബി.ജെ.പി നേതാക്കളും വിടുതലൈ ചിരുതൈഗള്‍ കച്ചി (വി.സി.കെ) നേതാക്കളും തമ്മിലുള്ള വാക്ക് പോര് ഇരുപാര്‍ട്ടികളിലേയും പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ചൊവ്വാഴ്ച തമിഴ്നാട്ടിലെ കരൂരിലാണ് ബി.ജെ.പി-വി.സി.കെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഒരു പോലീസ് വാഹനം തകര്‍ക്കപ്പെട്ടു.
കരൂരില്‍ ബി.ജെ.പി സംസ്ഥാന എക്സിക്യുട്ടീവ് യോഗവും ജനറല്‍ കൌണ്‍സില്‍ യോഗവും നടക്കുന്ന വേദിയിലേക്ക് വി.സി.കെ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രകടനത്തിനിടെ വി.സി.കെ പ്രവര്‍ത്തകര്‍ ബി.ജെ.പി കേഡര്‍മാരെ ആക്രമിക്കുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളിലേയും ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദീപാവലി റിലീസായി തീയറ്ററുകളില്‍ എത്തിയ മെര്‍സലിലെ ജി.എസ്.ടിയേയും നോട്ടുനിരോധനത്തെയും കുറിച്ചുള്ള ചില സംഭാഷണണങ്ങളാണ് വിവാദമായത്. ഈ രംഗങ്ങള്‍ നീക്കണമെന്ന് തമിഴ്നാട് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
സിനിമാ താരങ്ങളെ ഭീഷണിപ്പെടുത്തി കൂടെനിര്‍ത്തി സംസ്ഥാനത്ത് ചുവടുറപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് വി.സി.കെ നേതാവ് തിരുമാവലന്‍ ആരോപിച്ചിരുന്നു. വി.സി.കെ നേതാവ് ആളുകളെ ഭീഷണിപ്പെടുത്തി ഭൂമിസ്വന്തമാക്കി വച്ചിരിക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍രാജനും രംഗത്തെത്തിയിരുന്നു. ഇതില്‍ പ്രകോപിതരായ വി.സി.കെ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ബി.ജെ.പിയ്ക്കെതിരെ പ്രകടനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കരൂരില്‍ നടന്ന പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
Post Your Comments