KeralaLatest NewsNews

വിജിലൻസിൽ അഴിച്ചുപണി നടത്താൻ സർക്കാർ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലൻസ് വിഭാഗത്തിൽ അഴിച്ചു പണി നടത്താൻ സർക്കാർ തീരുമാനിച്ചു.വിജിലൻസിന് കൂടുതൽ പ്രവർത്തന സ്വതന്ത്രമാണ് ഈ തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്.

വിജിലന്‍സിന് മാത്രമായി വകുപ്പ് സെക്രട്ടറിയുണ്ടാകും. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് ഇപ്പോള്‍ വിജിലന്‍സിന്‍റെ ചുമതല. വിജിലന്‍സ് ഡയറക്ടര്‍ പദവി ഡി.ജി.പി. കേഡര്‍ തസ്തികയല്ലാതാകും. നിയമ ഭേദഗതി ബില്ലിന്റെ കരട് തയ്യാറായി വരുന്നതായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. നിയമവകുപ്പുമായി ആലോചിച്ച് ബില്ലിന് അന്തിമരൂപം നല്‍കും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.

പോലീസ് മേധാവിയുടെയും വിജിലന്‍സ് ഡയറക്ടറുടേതുമാണ് നിലവില്‍ ഡി.ജി.പി.മാരുടെ രണ്ടു കേഡര്‍ തസ്തികകള്‍. വിജിലന്‍സ് ഡയറക്ടറുടേത് ഇതില്‍നിന്നു മാറുന്നതോടെ എ.ഡി.ജി.പി. റാങ്കിലുള്ളവരെയും വിജിലന്‍സ് തലപ്പത്ത് നിയമിക്കാനാവും. പകരം ഫയര്‍ഫോഴ്‌സ് മേധാവിയുടെയോ ജയില്‍ മേധാവിയുടെയോ തസ്തിക ഡി.ജി.പി. കേഡര്‍ തസ്തികയാക്കിയേക്കും.

അന്വേഷണ, ഭരണ, ജുഡീഷ്യല്‍ മേഖലകളില്‍ ദീര്‍ഘകാല പരിചയമുള്ളവരുടെ ഉപദേശക സമിതി വിജിലന്‍സ് തലപ്പത്ത് വരും. ഗുരുതരമായ അഴിമതിക്കേസുകള്‍ മാത്രമായിരിക്കും വിജിലൻസ് ഇനി മുതൽ അന്വേഷിക്കുക.മറ്റു പരാതികള്‍ വിജിലന്‍സ് സെക്രട്ടറി അധ്യക്ഷനായ ഉന്നതസമിതി പരിശോധിച്ച് കൂടുതല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യണം. കേന്ദ്ര മാതൃകയില്‍ വിജിലന്‍സ് കമ്മീഷൻ രൂപവത്കരിക്കണമെന്നത് ബില്ലില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് സൂചന.

വിജിലന്‍സിന്റെ മാത്രം ചുമതലയുള്ള മേധാവിയില്ലാത്തതിന്‍റെ പേരില്‍ പലതവണ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് നിലവില്‍ വിജിലന്‍സ് മേധാവിയുടെയും ചുമതല. വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്‍, വിജിലന്‍സില്‍ അടിമുടി മാറ്റം വേണമെന്ന് നിര്‍ദേശിച്ചിരുന്നു.

എസ്.എം. വിജയാനന്ദ് ചീഫ് സെക്രട്ടറിയായിരിക്കെ കഴിഞ്ഞ ഡിസംബര്‍ 27-ന് വിജിലന്‍സ് പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് പുതിയ വിജിലന്‍സ് ബില്‍ കൊണ്ടുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button