ടോക്കിയോ: ജപ്പാനിൽ ഇന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ രാഷ്ട്രീയ നീക്കങ്ങൾ വിജയം കൊയ്യുമെന്ന് റിപ്പോർട്ടുകൾ. കാലാവധിക്ക് ഒരു വർഷം മുൻപേ നടത്തുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആബെയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) ക്ക് പ്രതീക്ഷ നൽകുന്നു.
456 അംഗ പാർലമെന്റിൽ 312 ലേറെ സീറ്റ് എൽഡിപി സഖ്യത്തിനു കിട്ടുമെന്നാണു മൂന്നു പ്രധാന സർവേകളുടെ ശരാശരി പ്രവചനം. ബുദ്ധിസ്റ്റ് പാർട്ടിയായ കോമൈറ്റോ എന്ന ചെറുകക്ഷിയും സഖ്യത്തിലുണ്ട്.
പ്രമുഖ എതിർകക്ഷികൾ രണ്ടും നന്നേ പ്രായം കുറഞ്ഞവയാണ്. ടോക്കിയോയിലെ വനിതാ ഗവർണർ യൂറികോ കോയികേയുടെ പാർട്ടി ഓഫ് ഹോപ് എന്ന യാഥാസ്ഥിതിക പാർട്ടിക്കു 14 ശതമാനം ജനപിന്തുണയാണു സർവേകളിൽ കാണുന്നത്. മുമ്പ് എൽഡിപിയിലായിരുന്ന കോയികെ ജനപ്രിയ വാഗ്ദാനങ്ങളുമായാണു പ്രചാരണം നടത്തുന്നത്. കോയികേ മത്സരിക്കുന്നില്ല. ഒന്നര മാസം മുമ്പാണ് പാർട്ടി രൂപീകരിച്ചത്.
മുൻ കാബിനറ്റ് സെക്രട്ടറി യൂകിയോ എഡാനോയുടെ കോൺസ്റ്റിറ്റ്യൂഷണൽ ഡെമോക്രാറ്റിക് പാർട്ടി (സിഡിപി) രണ്ടാഴ്ച മുമ്പ് രൂപംകൊണ്ടതാണ്. ഇവർക്കു 15 ശതമാനം പിന്തുണ സർവേകളിൽ കാണുന്നു.
Post Your Comments