മുംബൈ: കീറിയതും മുഷിഞ്ഞതുമായ നോട്ട് മാറ്റിക്കൊടുക്കാത്ത ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ താക്കീത്. നോട്ടുകൾ മാറ്റി നൽകാത്ത ബാങ്കുകളിൽ നിന്ന് 50 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം. ഇതു സംബന്ധിച്ച് എല്ലാ ബാങ്കുകൾക്കും ആർ.ബി.ഐ സർക്കുലർ അയച്ചു .
കീറിയതും മുഷിഞ്ഞതുമായ നോട്ടുകൾ എല്ലാ ശാഖയിലും എല്ലാ ദിവസവും മാറ്റി കൊടുക്കണമെന്നാണ് ആർ.ബി.ഐയുടെ നിര്‍ദ്ദേശം. കീറിയ നോട്ടിന്റെ 65 ശതമാനം കൈവശമുണ്ടെങ്കിൽ നോട്ടിന്റെ മൂല്യത്തിനൊത്ത പണം നൽകണമെന്നാണ് നിയമം. എന്നാല്‍ ബാങ്കുകള്‍ അത് പാലിക്കാറില്ല. ചില ബാങ്കുകൾ ആർ.ബി.ഐയുടെ കറൻസി ചെസ്റ്റുള്ള ശാഖയിലേക്ക് ഉപഭോക്താവിനെ പറഞ്ഞു വിടുകയോ അല്ലെങ്കില്‍ ചില പ്രത്യേക ദിവസങ്ങളിലാണ് നോട്ട് മാറ്റി നൽകുന്നത് എന്ന് പറഞ്ഞു തിരിച്ചയയ്ക്കുകയോ ആണ് ചെയ്യാറുള്ളത് .
ആർ.ബി.ഐ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഒരു തവണ ക്രമക്കേട് കണ്ടെത്തിയാൽ 10,000 രൂപയും അഞ്ചിൽ കൂടിയാൽ അഞ്ച് ലക്ഷവും പിഴ ചുമത്തും. 50 രൂപ വരെ മൂല്യമുള്ള നോട്ടുകൾ മാറ്റി കൊടുത്തില്ലെങ്കിൽ ഓരോ നോട്ടിനും 50 രൂപ എന്ന തോതിൽ ബാങ്കിന് ആർ.ബി.ഐ പിഴ ചുമത്തും. 100 രൂപയും അതിലധികവുമാണെങ്കിൽ ഓരോ നോട്ടിന്റെയും മൂല്യത്തിന് തുല്യമായ തുക നല്‍കേണ്ടി വരും. കറൻസി ചെസ്റ്റിൽ മുഷിഞ്ഞ നോട്ടിനിടക്ക് കീറിയ നോട്ട് കണ്ടാൽ ഓരോ നോട്ടിനും ശാഖയിലെ ബന്ധപ്പെട്ടവർ 50 രൂപ പിഴ നൽകണം.
Post Your Comments