പട്ന: ബിഹാര്‍ വിദ്യാഭ്യാസ ബോര്‍ഡ് എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളത് വിദ്യാര്‍ഥികള്‍ക്ക് അനധികൃതമായി മാര്‍ക്ക് നല്‍കുന്നതിലൂടെയാണ്. എന്നാൽ ഇത്തവണ തിരിച്ചാണ് സംഭവിച്ചിരിക്കുന്നത്. ഇത്തവണ പത്താംക്ളാസുകാരിയെ തോല്‍പ്പിച്ചതിന് ഹൈകോടതി ബിഹാര്‍ ബോര്‍ഡിന് പിഴശിക്ഷ വിധിച്ചിരിക്കുകയാണ്.
പ്രിയങ്ക ഡിഡി ഹൈസ്കൂള്‍ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചപ്പോള്‍ രണ്ട് വിഷയങ്ങളില്‍ തോറ്റിരുന്നു. പ്രിയങ്കക്ക് സയന്‍സിന് 29ഉം സംസ്കൃതത്തിന് നാലും മാര്‍ക്കാണ് ലഭിച്ചത്. സര്‍ക്കാര്‍ ഹൈസ്ക്കൂളിലെ വിദ്യാര്‍ഥിനിയായ പ്രിയങ്ക ഉടന്‍തന്നെ റിവാല്വേഷന് അപേക്ഷിച്ചു. വിചിത്രമായ ഫലമാണ് പുറത്തുവന്നത്. സംസ്കൃതത്തിലെ മാര്‍ക്ക് നാലില്‍ നിന്നും ഏഴായി ഉയര്‍ന്നു. എന്നാല്‍ സയന്‍സിലെ മാര്‍ക്ക് 29ല്‍ നിന്നും ഏഴായി മാറി. മാര്‍ക്ക് കണ്ട് ഞെട്ടിപ്പോയ പ്രിയങ്ക പട്ന ഹൈകോടതിയെ സമീപിച്ചു.
എന്നാൽ കോടതി പ്രിയങ്കയുടെ അവകാശ വാദങ്ങളെപ്പറ്റി അത്ര ഉറപ്പില്ലാത്തതിനാൽ 40,000 രൂപ കെട്ടിവെക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. തുടർന്ന് പ്രിയങ്കയുടെ ഉത്തരക്കടലാസുകള്‍ ഹാജരാക്കാനാണ് കോടതി സ്കൂള്‍ ബോര്‍ഡിനോട് ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ബോര്‍ഡ് ഹാജരാക്കിയ പേപ്പറുകളിലെ കയ്യക്ഷരം പ്രിയങ്കയുടേതല്ലെന്ന് തിരിച്ചറിഞ്ഞ കോടതി യഥാര്‍ഥ ഉത്തരക്കടലാസുകള്‍ ഹാജരാക്കാന്‍ വീണ്ടും നിര്‍ദേശം നല്‍കി. ഇതോടുകൂടി പ്രിയങ്കയുടെ മാര്‍ക്ക് സയന്‍സില്‍ 80 ആയും സംസ്കൃതത്തില്‍ 61 ആയും ഉയര്‍ന്നു. തുടര്‍ന്ന്, പ്രിയങ്കക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യക്തമാക്കിയ കോടതി കേസിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments