KeralaLatest NewsNews

ഐപിഎസുകാരിയെന്ന വ്യാജേന എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ വിവാഹം കഴിച്ച യുവതി പിടിയില്‍

 

കോട്ടയം: ഐ.പി.എസ് ഉദ്യോഗസ്ഥയെന്ന് പറഞ്ഞ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുകയും, ജോലി വാഗ്ദാനം നല്‍കി നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവതി പോലീസ് പിടിയില്‍. കോട്ടയം കുമാരനല്ലൂര്‍ കുക്കു നിവാസില്‍ മോഹനന്റെ മകള്‍ ആഷിത (24) ആണ് പിടിയിലായത്.

വിജിലന്‍സില്‍ ലോ ആന്റ് ഓര്‍ഡര്‍ ഓഫീസറാണെന്ന് ധരിപ്പിച്ച് ഒരു വര്‍ഷമായി ആഷിത പാലക്കാട് വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്നു. വീട്ടുടമയേയും പരിസരവാസികളേയും ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയുമൊക്കെ ഇവര്‍ ഐ.പി.എസ് ഓഫീസറാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 10ന് തലയാഴം സ്വദേശിയും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനുമായ അഖില്‍.കെ.മനോഹറുമായി ഇവരുടെ വിവാഹം നടന്നിരുന്നു. കഴിഞ്ഞ ദിവസം വിജിലന്‍സില്‍ ഇവരുടെ അസിസ്റ്റന്റായി നിയമനം നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ മൂന്നു ലക്ഷം രൂപ കൈക്കലാക്കി കബളിപ്പിച്ച ആലത്തൂര്‍ സ്വദേശി സാന്റോ ആഷിതയെ അന്വേഷിച്ചെത്തി പോലീസില്‍ പരാതിപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.

യുവാവിന് നല്‍കാനുള്ള പണം തിരിച്ചു നല്‍കാന്‍ ധാരണയായെങ്കിലും വിവാഹ തട്ടിപ്പ് നടത്തിയതിന് വരന്റെ പിതാവ് യുവതിക്കെതിരെ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ മാതാപിതാക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെ ഇവരെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. യുവതിയുടെ പിതാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലത്തൂരുകാരനു പുറമെ നിരവധി പേരില്‍ നിന്ന് ഇവര്‍ ജോലി വാഗ്ദാനം നല്‍കി പണം കബളിപ്പിച്ചു വാങ്ങിയ ശേഷം ചിലരുമായി സല്ലപിച്ചു നടന്നിരുന്നതിനാല്‍ പണം നഷ്ടപ്പെട്ട കാര്യം ഇവര്‍ മൂടി വെയ്ക്കുകയാണെന്ന് പറയപ്പെടുന്നു. എസ്.ഐ എം സാഹിലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button